ജോലി സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന വെള്ളക്കുപ്പായക്കാർക്ക് താക്കീതായി വനിതാ കമ്മിഷൻ ഇടപെടൽ; തൊഴിലിടത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം: വനിതാ കമ്മിഷൻ

കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആഭ്യന്തര സമിതികൾ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. പലയിടങ്ങളിലും ആഭ്യന്തരസമിതികൾ കാര്യക്ഷമതയോടെയോ കൃത്യതയോടെയോ അല്ല പ്രവർത്തിക്കുന്നതെന്നും ഭരണഘടനാപരമായി തന്നെ പലയിടങ്ങളിലും സമിതിയുടെ പ്രവർത്തനം തെറ്റായ രീതിയിലാണെന്നും കമ്മിഷൻ വിലയിരുത്തി. ജോലി സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന വെള്ളക്കുപ്പായക്കാരായ സാമൂഹിക വിരുദ്ധർക്കുള്ള താക്കീതാണ് വനിതാ കമ്മിഷൻ അദാലത്ത്.

Advertisements

ആഭ്യന്തരസമിതിയിൽ സ്ത്രീകൾക്ക് അനുകൂലമായ തീരുമാനങ്ങൾ കൈകൊണ്ടിട്ടു പോലും അവ പ്രാവർത്തികമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കമ്മിഷൻ ചൂണ്ടിക്കാട്ടി.
പുരുഷന്മാരിലെ മദ്യപാനവും വിവാഹേതര ബന്ധങ്ങളും കുടുംബ ബന്ധത്തെ ശിഥിലമാക്കുന്നതായും കുട്ടികളുടെ ഭാവി നശിപ്പിക്കുന്നതായും കമ്മീഷൻ പറഞ്ഞു. ഗാർഹികപീഡനങ്ങൾ, മാതാപിതാക്കളുടെ സംരക്ഷണം, കുടുംബ പ്രശ്‌നങ്ങൾ, മദ്യപാനം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയത്. അദാലത്തിൽ 80 പരാതികൾ പരിഗണിച്ചു. 16 എണ്ണം തീർപ്പാക്കി. ഒരു പരാതിയിൽ റിപ്പോർട്ട് തേടി. 63 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിതാ കമ്മീഷനംഗം വി.ആർ. മഹിളാമണി, അഭിഭാഷകരായ അഡ്വ. സി.കെ.സുരേന്ദ്രൻ, സി.എ.ജോസ്, ഷൈനി ഗോപി എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles