ഏറ്റുമാനൂർ :അത്യാഹിത സന്ദർഭങ്ങളിൽ മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിൽ സമൂഹത്തിൽ ഏവർക്കും അവരവരുടേതായ പങ്കുണ്ടെന്ന സന്ദേശം പകർന്നു നൽകിയാണ് ഏറ്റുമാനൂർ മംഗളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസുമായി ചേർന്ന് അന്താരാഷ്ട്ര എമർജൻസി മെഡിക്കൽ ദിനം ആചരിച്ചത്.മംഗളം എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണം കേരള പോലീസ് എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.സതീഷ് ബിനോ ഐ.പി.എസ് ഉത്‌ഘാടനം ചെയ്തു.അടിയന്തര സാഹചര്യങ്ങളിൽ മനുഷ്യജീവൻ രക്ഷിക്കാനുള്ള ശാസ്ത്രീയ പരിശീലനം പൊതുജനങ്ങൾക്ക് നൽകുന്ന ഇത്തരം പരിപാടികൾ നാട്ടിലെമ്പാടും സംഘടിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകൾക്ക് മാതൃകയാക്കാവുന്ന ഈ ഉദ്യമത്തിന് തയ്യാറായ മംഗളം മാനേജ്മെന്റിനെ പ്രത്യേകം അഭിനന്ദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ ഡി.ജി.പിയും മംഗളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രെസിഡന്റുമായ ഡോ.ജേക്കബ് തോമസ് ഐ.പി.എസ് അധ്യക്ഷത വഹിച്ചു.കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത്,സക്കറിയ ജോർജ് ഐ.പി.എസ്,മംഗളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചെയർമാൻ ഡോ.ബിജു വർഗീസ്,ഫാ.എം.പി ജോർജ്,കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് പി വിജയൻ,ഡോ.നീമ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഹൃദയാരോഗ്യ പരിപാലനത്തെക്കുറിച്ചും അത്യാഹിത സന്ദർഭങ്ങളിലെ പ്രാഥമിക ശുസ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചും കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളോജിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ ദീപക് ഡേവിഡ്സൺ വിശദമായ ക്ലാസെടുത്തു.അടിയന്തര വൈദ്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എമർജൻസി മെഡിസിന്റെ ഭാഗമായ പ്രവർത്തനങ്ങളെക്കുറിച്ചും കാരിത്താസിലെ തന്നെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ആയ ഡോക്ടർ വിവേക് ആർ സംസാരിച്ചു.തുടർന്ന് സി.പി.ആർ,ആർട്ടിഫിഷ്യൽ ഓപ്പറേഷൻ തുടങ്ങിയവയുടെ പ്രദർശനങ്ങളും നടന്നു.എറണാകുളം റേഞ്ച് പരിധിയിൽ നിന്നും 50 ലധികം പോലീസ് ഉദ്യോഗസ്ഥർ,ആശാ വർക്കർമാർ,ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള എൻ.സി.സി കേഡറ്റുകൾ,എൻ.എസ്.എസ് വളണ്ടിയർമാർ,സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, വിവിധ എൻ.ജി.ഒ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.