കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എം.ജി.യു.ഐ.എഫ്.) ആഭിമുഖ്യത്തിൽ, സംഘടിപ്പിച്ച BIG IDEA COMPETITION 2025 ൽ വിജയികളിൽ ഒരാളായി സി.എം.എസ്. കോളേജിലെ യുവ ഗവേഷകയായ സി. രാജലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. ““CatAI: An Intelligent Software for Optimizing Chemical Catalysis Using Machine Learning Methods(നിർമിത ബുദ്ധി(എഐ)യുടെ സഹായത്തോടെ കാറ്റലിസിസ് പ്രക്രിയകൾ മെച്ചപ്പെടുത്തുന്ന ഇന്റലിജന്റ് സോഫ്റ്റ്‌വെയർ)” എന്ന ആശയമാണ് അവാർഡിന് അർഹയാക്കിയതു്. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഈ മത്സരം, പുതുമയുള്ള ആശയങ്ങൾക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യമിട്ടത്.
രാസപ്രവർത്തനങ്ങളിൽ നിർണായകമായ കാറ്റലിസ്റ്റുകളുടെ കണ്ടെത്തൽ പ്രക്രിയ ലളിതമാക്കാനും ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ‘CatAI’ എന്ന സോഫ്റ്റ്‌വെയർ സംരംഭം. നിർമിത ബുദ്ധിയുടെ സഹായത്തോടെ കൃത്യതയുള്ള കാറ്റലിക്ക് പ്രക്രിയകൾ പ്രവചിക്കുന്നതിലൂടെ, പരമ്പരാഗതമായ പരീക്ഷണ രീതിക്ക് പകരമായ പരിഹാരമാവുകയാണ് ഈ സംരംഭം. ഇതുവഴി സമയം, ചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും കഴിയും.
പുതുമ, സാധ്യതകളുള്ള സാമൂഹിക-വ്യവസായിക സ്വാധീനം, സംരംഭകത്വ സാധ്യത എന്നിവ മുൻനിർത്തിയാണ് തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു.ആശയത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും സംരംഭം വിപുലീകരിക്കാനുമായി ₹2,00,000 രൂപയുടെ ഇൻറൊവേഷൻ ഗ്രാന്റ് ഇതിനൊപ്പം നൽകപ്പെടും.നിലവിൽ രാജലക്ഷ്മി, സി.എം.എസ്. കോളേജിലെ രസതന്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ ഐപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിലെ അംഗമാണ്. കംപ്യൂട്ടേഷണൽ കെമിസ്ട്രിയിലും ഡാറ്റാ സയൻസിലും പ്രാവീണ്യമുള്ള വിപിൻ ഐപ്പ് തോമസ് ഈ സംരംഭത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
“CatAI സോഫ്റ്റ്‌വെയറിലേയ്ക്ക് മാത്രം ചുരുങ്ങുന്നൊരു ആശയമല്ല; ഇത് ഗ്രീൻ കെമിസ്ട്രിയിലേക്കും സ്മാർട്ട് രാസപദ്ധതികളിലേക്കും കടക്കുന്ന ഒരു വലിയ ചുവടുവയ്പാണ്. ഈ നേട്ടത്തിനായി സി.എം.എസ്. കോളജിനും എന്റെ ഗവേഷണ സംഘത്തിനും ഞാൻ ഹൃദയപൂർവ്വം നന്ദിയറിയിക്കുന്നു” – രാജലക്ഷ്മി പറഞ്ഞു.
“മികച്ച കൃത്യതയും, നവീനതയുമുള്ള രാജലക്ഷ്മിയുടെ പ്രവൃത്തികൾ, മെഷീൻ ലേണിംഗും രാസശാസ്ത്രവും ചേർന്ന് യഥാർത്ഥ ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഭാവിയിലേക്കുള്ള ദിശയാണ്. ഈ സംരംഭത്തിൽ ഭാഗമാകുന്നത് അഭിമാനകരമാണ്” – ഡോ. വിപിൻ ഐപ്പ് തോമസ് കൂട്ടിച്ചേർത്തു.
സി.എം.എസ്. കോളേജ് സമൂഹം ഈ നേട്ടം അഭിമാനത്തോടെ ആഘോഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിലെ interdisciplinary (അന്തർവിഷയ) ഗവേഷണത്തിന്റെയും സംരംഭങ്ങളുടെയും ശക്തി ഈ നേട്ടം വ്യക്തമാക്കുന്നു.