ലമ്ബൂർ: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരുണവും വേദനാജനകുമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ.ഇത് നിലമ്ബൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു അവസരമായി ഉപയോഗപ്പെടുത്തിയതാണോയെന്നും അവസരം ഉണ്ടാക്കിയതാണോയെന്നും സംശയം ഉയർന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അപകടം ആ പ്രദേശത്തുള്ളവർ അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നാണ് പരിസരവാസികളായ ആളുകള്‍ പറയുന്നത്. വൈകുന്നേരമാണ് അവിടെ ഫെൻസിങ് കെട്ടിയത്. ഉടമസ്ഥന് വിഷയം അറിയില്ലെന്നും ഒരാള്‍ പറയുന്നു. അപ്പോള്‍ ആര് എങ്ങനെയാണ് ചെയ്തത്. എന്തായിരുന്നു അവരുടെ ലക്ഷ്യം. അതിനകത്ത് വളരെ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ട്. ഗൂഡാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമഗ്രമായ പരിശോധനയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘തിരഞ്ഞെടുപ്പ് കാലമാണല്ലോ അപ്പോ ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് എല്ലാവർക്കും അറിയാല്ലോയെന്നും മന്ത്രി ചോദിച്ചു. ഒരു വിഷയ ദാരിദ്ര്യം നിലമ്ബൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രതിപക്ഷവും അനുഭവിക്കുന്നുണ്ട്. തണുത്തുറഞ്ഞുപോയ പ്രചരണത്തെ കൊഴിപ്പിക്കാനുള്ള സ്റ്റാർട്ടപ്പ് എന്നുള്ള നിലയില്‍ ഇങ്ങനെ ഒരു സംഭവം ബോധപൂർവ്വം ഉണ്ടാക്കി എടുത്താല്‍ സാധിക്കുമല്ലോ. പാവപ്പെട്ട കർഷക ജനതയുടെ വികാരങ്ങളെ തട്ടിയുണർത്തി ആ വികാരം ഗവണ്മെന്റിനെതിരായി മാറ്റാൻ കഴിയുമല്ലോയെന്ന് ആലോചിച്ചിട്ടുണ്ടാകാമെന്ന് ചിന്തിക്കുന്നതില്‍ യുക്തിയില്ല എന്ന് പറയാൻ സാധിക്കില്ല.’ മന്ത്രി പറഞ്ഞു.
കേട്ട പാതി കേള്‍ക്കാത്ത പാതി വിഷയം വനംവകുപ്പിന്റെയും ഗവണ്മെന്റിന്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും സമരങ്ങള്‍ നടത്താനുമാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള ഫെൻസിങ് കെട്ടാറില്ല. കേരളത്തില്‍ ഒരിടത്തും കെട്ടിയിട്ടില്ല. വൈദ്യുതി ബോർഡും ഉദ്യോഗസ്ഥന്മാരും അറിഞ്ഞിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ രണ്ട് പേരെ കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമൻ തന്നെ എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഏതാനും മാധ്യമങ്ങളുടെയും നിലപാട് പുനപരിശോധിക്കണം. എല്ലാ കുറ്റവും വനവകുപ്പിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ ഒരു സംഭവം ഒരു പാഠമായി തീരട്ടെയെന്നും മന്ത്രി പറഞ്ഞു.