പനച്ചിക്കാട് : സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ പാമ്പും പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിനോട് നന്ദി പറഞ്ഞിട്ടേ പോകുമായിരുന്നുള്ളു. മണിക്കൂറുകളോളം പ്ലാസ്റ്റിക്ക് വലയിൽ കുരുങ്ങിക്കിടന്ന തന്നെ 15 മിനിറ്റ് നേരമെടുത്ത് വല മുറിച്ചു മാറ്റി രക്ഷപെടുത്തിയതിന് . ചാന്നാനിക്കാട് എഴുമായിൽ പി ഇ ജോണിന്റെ പുരയിടത്തിലെ ചുറ്റുമതിലിനു മുകളിലായി കെട്ടിയിരുന്ന വലയിൽ കുടുങ്ങിക്കിടന്ന വലിയ ഒരു ചേര പാമ്പിനെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടുകൂടി റോയി മാത്യുവിന്റെ നേതൃത്വത്തിൽ രക്ഷപെടുത്തിയത് . തലേ ദിവസം രാത്രിയിൽ വലയിൽ കുടുങ്ങിയ പാമ്പ് ഒരു ദിവസം മുഴുവൻ രക്ഷപെടുവാൻ ശ്രമിച്ചിട്ടും കൂടുതൽ കുരുക്കിലായി പോയി . തലയുടെ ഭാഗം പൂർണമായും വലയിൽ കുരുങ്ങി .






അയൽവാസിയായ വീട്ടമ്മയാണ് വലയിൽ കുരുങ്ങിയ പാമ്പിനെ കണ്ടത് . പനച്ചിക്കാട് പഞ്ചായത്തംഗം എൻ കെ കേശവൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു വീട്ടിൽ നിന്നും കത്രിക വാങ്ങി വല മുറിച്ചു മാറ്റി പാമ്പിനെ രക്ഷപെടുത്തുകയായിരുന്നു . എഴുമായിൽ ജിജോ ഏബ്രഹാം സഹായിയായി റോയി മാത്യുവിനൊപ്പം ചേർന്നു . ദൗത്യത്തിനിടയിൽ റോയി മാത്യുവിന്റെ ഇടതു കൈയ്യിലും തോളിലും പാമ്പ് ചുറ്റിപ്പിടിച്ചു . തലയുടെ ഭാഗം സ്വതന്ത്രമായപ്പോൾ രക്ഷിക്കാൻ വന്ന ഇവർ രണ്ടുപേരെയും രണ്ടു തവണ പാമ്പ് കടിക്കുവാൻ ശ്രമിച്ചു . 15 മിനിറ്റിലധികം സമയമെടുത്താണ് പാമ്പിന് പരുക്കേൽക്കാതെ വലയ്ക്കു പുറത്തെത്തിച്ച് രക്ഷാദൗത്യം പൂർത്തിയാക്കിയത് .