എല്ലാ വർഷവും ജൂൺ മാസം തിമിരം അവബോധ മാസമായി ആചരിച്ച് വരുന്നു. തിമിരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സകൾ, പതിവായി നേത്ര പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരിക്കുന്നതിനാണ് ഈ മാസം ആചരിച്ച് വരുന്നത്.
കണ്ണിലെ ലെൻസ് മേഘാവൃതമാകുമ്പോഴാണ് തിമിരം ഉണ്ടാകുന്നത്. ഈ രോഗം ബാധിച്ചവർക്ക് ലെൻസിലൊരു പാൽപാട പറ്റിയതു പോലെ ദൃശ്യങ്ങൾ മങ്ങാനാരംഭിക്കും. സാധാരണമായി പ്രായമായവരെ ബാധിക്കുന്നതാണെങ്കിലും തിമിരം ഏത് പ്രായത്തിലും ഉണ്ടാകാം. ഇത് കാഴ്ച മങ്ങുന്നതിനും ചികിത്സിച്ചില്ലെങ്കിൽ ഒടുവിൽ അന്ധതയ്ക്കും കാരണമാകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമേഹം, പാരമ്പര്യം, ചില മരുന്നുകളുടെ ദീർഘ ഉപയോഗം എന്നിവയെല്ലാം ചിലരിൽ തിമിരത്തിനുള്ള സാധ്യത കൂട്ടുന്നു. തിമിരത്തിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
മങ്ങിയ കാഴ്ച
തിമിരത്തിന്റെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ ലക്ഷണങ്ങളിൽ ഒന്ന് കാഴ്ച ക്രമേണ മങ്ങുന്നതാണ്. പ്രത്യേകിച്ച് വ്യക്തമായ കാരണമൊന്നുമില്ലാതെ കാഴ്ച കൂടുതൽ മങ്ങുക ചെയ്താൽ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.
രാത്രിയിൽ കാഴ്ചക്കുറവ്
രാത്രിയിൽ കാഴ്ചക്കുറവ് ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. കാഴ്ചക്കുറവ് കാരണം രാത്രിയിൽ വാഹനമോടിക്കാനോ നടക്കാനോ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അത് തിമിരം നേരത്തെ ഉണ്ടാകുന്നതിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധർ പറയുന്നു.
പ്രകാശത്തോട് സംവേദനക്ഷമത
പെട്ടെന്ന് പ്രകാശത്തോട് സംവേദനക്ഷമത തോന്നുകയോ സൂര്യപ്രകാശമോ ഹെഡ്‌ലൈറ്റുകളോ ഏൽക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താൽ അതും തിമിരത്തിന്റെ മറ്റൊരു ലക്ഷണമാണ്.
നിറങ്ങൾ മങ്ങുകയോ മഞ്ഞനിറമാവുകയോ ചെയ്യുക
തിമിരം പലപ്പോഴും നിറങ്ങൾ സാധാരണയേക്കാൾ മങ്ങിയതോ മഞ്ഞനിറമുള്ളതോ ആയി കാണപ്പെടാൻ കാരണമാകുന്നു. നിറങ്ങളുടെ തെളിച്ചത്തിലോ കോൺട്രാസ്റ്റിലോ കുറവുണ്ടായാൽ ലെൻസിന് മങ്ങലേറ്റിട്ടുണ്ടെന്നും വൈദ്യസഹായം ആവശ്യമാണെന്നും സൂചിപ്പിക്കുന്നു.
രണ്ടായി കാണുക
ഒരു വസ്തു നോക്കുമ്പോൾ രണ്ടായി കാണുന്നതാണ് മറ്റൊരു ലക്ഷണം. ഇതിനെ മോണോക്യുലർ ഡിപ്ലോപ്പിയ എന്ന് പറയുന്നു.