കോട്ടയം : തെരുവുനായ വന്ധ്യംകരണത്തിന് കോടിമതയിലെ എബിസി സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇനി വേണ്ടത് ജീവനക്കാരുടെ നിയമനത്തിന് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം.
എബിസി സെന്ററിന്റെ പ്രവർത്തനത്തിന് ഒരു ഡോക്ടർ, അഞ്ച് അസിസ്റ്റന്റുമാർ, ഒരു ക്ലീനർ എന്നിവരടക്കം ആറ് ജീവനക്കാരെയാണ് എടുത്തിരിക്കുന്നത്.
24-ന് ചേരുന്ന ജില്ലാപഞ്ചായത്ത് ജനറല്‍ കമ്മിറ്റിയില്‍ ജീവനക്കാരുടെ നിയമനത്തിന് അംഗീകാരം നല്‍കിയാല്‍ ഈ മാസം അവസാനത്തോടെ സെന്ററിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം കിട്ടാൻ വൈകിയതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ എബിസി സെൻറർ പ്രവർത്തിക്കുന്നില്ല. ജില്ലാപഞ്ചായത്ത് എബിസി സെന്ററിന് പത്തുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലെയും പള്ളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ പഞ്ചായത്തുകളിലെയും തെരുവുനായ്ക്കളെയാണ് ഇവിടെയെത്തിച്ച് വന്ധ്യംകരിക്കുന്നത്. 1732 തെരുവുനായ്ക്കളെയാണ് കഴിഞ്ഞ സാമ്ബത്തിക വർഷം ഇവിടെ വന്ധ്യംകരിച്ചത്. നായ്ക്കളെ പാർപ്പിക്കാൻ ഇവിടെ 50 കൂടുകളുണ്ട്. ജില്ലയില്‍ മൂന്നിടത്ത് കൂടി എബിസി സെന്ററുകള്‍ തുടങ്ങാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വാഴൂർ ബ്ലോക്കില്‍ വാഴൂർ മൃഗാശുപത്രിയിലും മാടപ്പള്ളി ബ്ലോക്കില്‍ വാകത്താനം മൃഗാശുപത്രിയിലും വൈക്കം, പാലാ ബ്ലോക്കുകളിലേത് തലയോലപ്പറമ്ബിലും തുടങ്ങാനാണ് പദ്ധതിയായത്. മൂന്നിടത്തുമായി 1.10 കോടി രൂപവീതം വകയിരുത്തിയിട്ടുണ്ട്. 25-ന് ചേരുന്ന ജില്ലാ പ്ലാനിങ് കമ്മിറ്റിയില്‍ ഈ പദ്ധതികള്‍ ചർച്ച ചെയ്യും.