കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം: കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 64 പേർ; തോമസ് ചാഴികാടന്‍ എം.പി.

ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും അതിക്രമിച്ചു കടക്കുന്ന കാട്ടുപന്നികളെയും മറ്റു വന്യമൃഗങ്ങളെയും സെക്ഷന്‍ 62 പ്രകാരം ക്ഷുദ്ര ജീവികള്‍ ആയി പ്രഖ്യാപിക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്ന് തോമസ് ചാഴികാടന്‍ എംപി ലോക്്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 അനുസരിച്ചുള്ള ചര്‍ച്ചയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതു രണ്ടാം തവണയാണ് എംപി ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കുന്നത്.
വന്യമൃഗങ്ങള്‍ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും അതിക്രമിച്ചു കടക്കുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജനുവരി വരെ കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9 കര്‍ഷകര്‍ക്കും കുടിയേറ്റക്കാര്‍ക്കും സംരക്ഷണ, പ്രതിരോധനടപടികള്‍ സ്വീകരിക്കുവാന്‍ അനുവാദം തരുന്നില്ല. കുറച്ചു വര്‍ഷങ്ങളായി വന്യമൃഗങ്ങളുടെ എണ്ണം അനിയന്ത്രിതമായി പെരുകിയിട്ടുണ്ട്. വനത്തില്‍ തീറ്റയും വെള്ളവും പരിമിതമായതിനാലാണ് മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നു കയറുന്നത്. കിടങ്ങുകളും സോളാര്‍വേലികളും നിര്‍മിച്ചതു കൊണ്ട് മാത്രം വന്യമൃഗങ്ങളുടെ കടന്നുകയറ്റവും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതു തടയാനും മനുഷ്യര്‍ക്ക് എതിരായി ആക്രമണം പ്രതിരോധിക്കാനും ഫലപ്രദമായി കഴിയുന്നില്ല. കൃഷിയിടത്തില്‍ നുഴഞ്ഞുകയറുന്ന കാട്ടുപന്നികള്‍ അടക്കമുള വന്യ ജീവികളെ കൊല്ലാനും സ്വയം പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ ആയുധങ്ങള്‍ ഉപയോഗിക്കാനും കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്നും ചാഴികാടന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles