വൃത്തിയുള്ള ജില്ലയെ കണ്ടെത്താൻ ശുചിത്വനിലവാര പരിശോധന

കോട്ടയം: സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് നൽകാൻ കേന്ദ്ര സർക്കാർ നടത്തുന്ന സർവ്വേ ആരംഭിക്കുന്നു. ഗ്രാമീണ മേഖലയിലെ വീടുകൾ, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വൃത്തിയാണ് സർവേയിൽ പരിശോധിക്കുന്നത്. രാജ്യത്തെ വിവിധ അംഗീകൃത ഏജൻസികൾ വഴിയാണ് സർവേ.
തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലെയും തെരഞ്ഞെടുക്കുന്ന 20 മുതൽ 30 വരെ വീടുകളിൽ പരിശോധനാ ടീം നേരിട്ടെത്തി പരിശോധന നടത്തും.
വീടുകളിൽ ശുചിത്വ സൗകര്യമുണ്ടോ, വെളിയിട വിസർജ്യമുക്തമാണോ, കൈകഴുകാനുള്ള സൗകര്യം, മാലിന്യ സംസ്‌കരണം, മലിനജലം എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ഗ്രാമപഞ്ചായത്തുകളിലെ നിലവിലെ ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ ഉപാധികളും അവയുടെ പ്രവർത്തനവും വിലയിരുത്തും. ശൗചാലയ മാലിന്യ സംസ്‌കരണം, ജൈവമാലിന്യ സംസ്‌കരണത്തിനുള്ള ഗോബർധൻ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം പ്രത്യേകം പരിശോധിക്കും. പൊതു ഇടങ്ങളിൽ എത്രത്തോളം വൃത്തിയുണ്ട്, മാലിന്യം വലിച്ചെറിയുന്നത് കുറവാണോ, മലിനജലത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
പൊതുജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായമറിയാൻ സിറ്റിസൺ ഫീഡ്ബാക്ക് മൊബൈൽ ആപ്ലിക്കേഷനും (സ്വച്ഛ് സർവ്വേക്ഷൻ ഗ്രാമീൺ 2025) ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങൾക്ക് നേരിട്ട് വിവരം നൽകാം. വൃത്തി കുറഞ്ഞ ഇടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതികളും തയാറാക്കും.

Advertisements

Hot Topics

Related Articles