കടുത്തുരുത്തി: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ അക്കാദമികളുടെയും പുരസ്കാരങ്ങളും അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളെയും ഉന്നത സാമൂഹ്യാംഗീകാരം നേടിയ വ്യക്തികളെയും കലാ-കായിക-സാഹിത്യ-രംഗങ്ങളില്‍ പ്രാവിണ്യം നേടിയ ശ്രദ്ധേയരായവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്സലന്‍സ് അവാര്‍ഡുദാന സമ്മേളനവും 2025 ജൂണ്‍ 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.
പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി ഐ.എ.എസ്. മുഖ്യപ്രഭാഷണവും കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് ഐ.പി.എസ്. അനുമോദനപ്രസംഗവും നടത്തുന്നതാണ്.
മലയാളസിനിമാരംഗത്തെ പ്രമുഖരായ ഷെയ്ന് നിഗം, രമേഷ് പിഷാരടി, ദിലീഷ് പോത്തന് എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. കടുത്തുരുത്തി താഴത്തുപള്ളി ഫൊറോന വികാരി റവ. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കോട്ടയം രൂപത മുന്‍ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മാന്നാനും കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പലും വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായ റവ. ഫാ. ജയിംസ് മുല്ലശ്ശേരി എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും.
യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, വിവിധ മത്സരപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, എസ്.എസ്.എല്‍.സി. – ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ എന്നിവര്‍ക്ക് ചടങ്ങില്‍ എം.എല്‍.എ. എക്സലന്‍സ് അവാര്‍ഡ് നല്കി അനുമോദിക്കുന്നതാണ്. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്കാരം സമ്മാനിക്കുന്നതാണ്. വിദ്യാര്‍ത്ഥിപ്രതിഭകളെയും വിവിധ രംഗങ്ങളിലെ പ്രഗത്ഭരെയും ഉള്‍പ്പെടുത്തി 1500 ലധികംപേരെ ചടങ്ങില്‍ വച്ച് ആദരിക്കുന്നതിനാണ് സംഘാടകസമിതി ക്രമീകരണം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം എല്ലാ വര്‍ഷവും സമ്മാനിക്കുന്ന പാലാ ബ്രില്ല്യന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ്, പ്രമുഖ സിനിമാ നിര്‍മ്മാതാക്കളായ ലിസ്റ്റിന് സ്റ്റീഫന്‍, സന്തോഷ് ടി കുരുവിള, പ്രമുഖ യുവസംവിധായകന് ബിന്റോ സ്റ്റീഫന്‍, ഹോളിവുഡ് നടന് സിറിയക് ആലഞ്ചേരി, ഏഷ്യാനെറ്റ് ബിഗ്ബോസ് ഫെയിം അര്ജ്ജുന് ശ്യാംഗോപന്‍, മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2024 മിസ് ഹര്‍ഷ ശ്രീകാന്ത്, യു.എ.ലും കേരളത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഷിജി അന്ന ജോസഫ്, പ്രമുഖ പിന്നണി ഗായിക മിസ് മരിയ മാത്യു കോലടി എന്നിവര്‍ക്ക് പ്രതിഭാപുരസ്കാരം സമ്മാനിക്കുന്നതാണ്.
കടുത്തുരുത്തിയില്‍ മാംഗോമെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് സ്ഥാപിച്ച എന്‍.കെ. കുര്യന്, 120 പ്രാവശ്യം രക്തദാനം നല്കി മാതൃക കാണിച്ച ഷിബു തെക്കേമറ്റം, ദേശീയ – സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് വിധു രാജീവ്, അസ്സിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി നിയമിതനായ യുവപ്രതിഭ സിബി ഇ.പി., ഓള് ഇന്ത്യാതലത്തില്‍ 2025 നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. അഞ്ജു ആന്‍ മാത്യു, കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഡോ.റവ.ഫാ. അരുണ്‍ കുര്യന് എന്നിവര്‍ക്ക് സ്പെഷ്യല്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതാണ്. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കും എം.എല്‍.എ. എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവുംഎം.എല്‍.എ. എക്സലന്‍സ് അവാര്‍ഡുദാനവും നാളെ

Advertisements