ദില്ലി: അഹമ്മദാബാദ് ആകാശദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. ഈ വിവരങ്ങൾ ദില്ലിയിലെ ലാബിൽ പരിശോധിച്ച് വരികയാണെന്നും സർക്കാർ അറിയിച്ചു. ബ്ലാക്ക് ബോക്സിലെ വിവരങ്ങളിലുടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് എടുത്തത്. ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു. കോക്ക് പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ജൂൺ 24ന് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ദില്ലിയിൽ എത്തിച്ചാണ് പരിശോധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം സെക്കൻ്റുകൾക്കുള്ളിൽ തകർന്നുവീണത്. സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിതയുമടക്കം 242 പേരുണ്ടായിരുന്നു വിമാനത്തിൽ. ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തിൽ മരിച്ചു. ഇതിന് പുറമെയാണ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിരവധി പേരും പ്രദേശവാസികളും ദുരന്തത്തിന് ഇരയായത്. അപകടത്തില്‍ 275 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.