ബിന്ദുവിൻ്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു; നെഞ്ചുപൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ മക്കളും ഉറ്റവരും; ഒരു നോക്ക് കാണാൻ ഒഴുകിയെത്തി നാട്ടുകാർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ അൽപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിർഭരമായ രം​ഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി. രാവിലെ 11മണിയോടെയാണ് സംസ്കാരം നടക്കുക. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.

Advertisements

അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരേയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ് അരുൺ കെ. ഫിലിപ്പ് പ്രതികരിച്ചു. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് വിമർശിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിൻറെ തീരുമാനം.

അതേസമയം, അപകടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂ‍ർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.

Hot Topics

Related Articles