കോട്ടയം: മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ മാത്യൂ സജി (20)യാണ് ക്ലാസ് മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. ജൂലൈ നാല് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസിൽ കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരുൺ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. എന്നാൽ, വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകിയതായി വിദ്യാർത്ഥികൾ ആരോപിച്ചു. ആറു മിനിറ്റ് മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ദൂരം. എന്നാൽ, മൂന്നു മണിയ്ക്ക് അപകടം ഉണ്ടായ ശേഷം 3.20 നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് വിദ്യാർത്ഥികളുടെ വാദം. എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്നും കൃത്യ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കിയെന്നും കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ പറയുന്നു. കുട്ടി കുഴഞ്ഞ വീണ വിവരം അധികൃതർ അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. മറ്റുള്ള വാദങ്ങളിൽ അടിസ്ഥാനമില്ലെന്നും അധികൃതർ പറയുന്നു. സംസ്കാരം പിന്നീട്.
കോട്ടയം മാന്നാനം കെ.ഇ കോളേജിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് മുടിയൂർക്കര സ്വദേശിയായ വിദ്യാർത്ഥി; സരുണിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് വിദ്യാർത്ഥികൾ; ആരോപണം നിഷേധിച്ച് കോളേജ് മാനേജ്മെന്റ്
