പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമൺ പാറമടയിൽ അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വൈകുന്നു. അപകട പ്രവർത്തനസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങും.
രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘത്തിലെ നാല് പേർ പരിശോധന നടത്തി. മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ ക്രെയിൻ എത്തിച്ചാല്‍ മാത്രമേ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നാണ് വിലയിരുത്തൽ. വീണ്ടും പാറയിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയാണ്, മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് പ്രതികരിച്ചു. ക്യാബിന് മുകളിലുള്ള പാറക്കഷ്ണങ്ങൾ മാറ്റാനാണ് ദൗത്യ സംഘം ഇറങ്ങിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത് പൂർത്തിയാക്കി അവർ തിരികെ കയറി. ഇനി വലിയ ക്രെയിൻ എത്തിച്ച ശേഷം ദൗത്യം തുടരുമെന്ന് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. അപകടത്തിൽ പാറക്കടിയിൽപ്പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള ബീഹാർ സ്വദേശിക്കായിട്ടാണ് തെരച്ചിൽ നടത്തുന്നത്. പാറ പൊട്ടിക്കലിന് മുന്നോടിയായി തട്ട് ഒരുക്കുന്നതിനിടെയാണ് ഹിറ്റാച്ചിക്ക് മുകളിലേക്ക് മലയിടിഞ്ഞ് വീണത്. അടിയിൽപ്പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഫയർഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എൻഡിആർഎഫ് സംഘവും ദൗത്യത്തിന്റെ ഭാഗമാകും.
അനുമതി ഇല്ലാതെയാണ് ചെങ്കുളത്ത് ക്വാറിയുടെ പ്രവർത്തനം എന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഖനനത്തിന്റെ അളവ് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ജിയോളജി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ക്വാറിക്ക് അനുമതി ഇല്ലെന്നാണ് പരാതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.