ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം മടങ്ങാൻ ഒരുങ്ങുന്നു : യാത്ര ഉടൻ എന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഒരുമാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്.വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോടടുക്കുകയാണെന്നാണ് അറിയുന്നത്. ബ്രിട്ടനില്‍ നിന്നുള്ള പതിനാലംഗ വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കുന്നത്. എഫ്-35 വിമാനം നിർമിച്ച അമേരിക്കൻ കമ്ബനിയായ ലോക്ഹീഡ് മാർട്ടിന്റെ സാങ്കേതിക വിദഗ്ദ്ധരും സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍.

Advertisements

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്ബർ ഹാംഗറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മറച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടേയോ സാങ്കേതിക വിദഗ്ദ്ധരുടെയോ സഹായം അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ടിട്ടില്ല. പൂർണമായും രഹസ്യ സ്വഭാവത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂണ്‍ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടീഷ് പാർലമെന്റില്‍ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായി. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് അധികൃതർ സമ്മതിച്ചത്. അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക്‌ മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുള്‍പ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാല്‍ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക്‌ മാറ്റാതിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് ഇതിന് ബ്രിട്ടണ്‍ വഴങ്ങിയത്.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറാണെന്ന സൂചനയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍, ഒക്സിലറി പവർ യൂണിറ്റിനും തകരാറുണ്ടെന്നാണ് സൂചന. ശബ്ദത്തെക്കാള്‍ 1.6 മടങ്ങ് വേഗവും ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാനുള്ള സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയുമുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരത്ത് കിടക്കുന്നത്.

Hot Topics

Related Articles