വെള്ളം കോരിയവരും വിറക് വെട്ടിയവരും മാറി നിൽ, ഇനി ഞങ്ങളിറങ്ങട്ടെ..! തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; ഒരുക്കങ്ങൾ എങ്ങുമെത്താതെ കോട്ടയം ജില്ലയിൽ കോൺഗ്രസ് ; സ്ഥാനമോഹികൾ മാത്രം സജീവം; വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പോലും സജീവമല്ലെന്ന് വിമർശനം

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോട്ടയം ജില്ലയിൽ കോൺഗ്രസിൽ ഒരുക്കങ്ങൾ മന്ദഗതിയിലെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കൾ. കോൺഗ്രസിൽ സ്ഥാന മോഹികൾ സജീവമായി രംഗത്തുണ്ടെങ്കിലും ആരു തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ജോലികൾ അടക്കം ചെയ്യുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. നേരത്തെ വോട്ടർ പട്ടികയിൽ പേരു ചേർക്കലും വോട്ടർ പട്ടികയിലില്ലാത്ത ആളുകളെ ഒഴിവാക്കലും അടക്കമുള്ള ജോലികൾ ആദ്യം ചെയ്തിരുന്നത് കോൺഗ്രസ് ആയിരുന്നു. എന്നാൽ, ഇപ്പോൾ ജില്ലയിൽ ഈ പ്രവർത്തനങ്ങൾ സജീവമല്ലെന്ന ആരോപണമാണ് ഉയരുന്നത്.

Advertisements

ഏതാനും മാസം മാത്രമാണ് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. എന്നാൽ, ജില്ലയിൽ പ്രാദേശിക തലത്തിൽ പാർട്ടിയിൽ പ്രവർത്തനം സജീമല്ലെന്ന ആരോപണമാണ് ഒരു വിഭാഗം ഉയർത്തുന്നത്. പാർട്ടിയുടെ പുനസംഘടനയ്ക്ക് ശേഷം ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം നേതാക്കളെ അനുനയിപ്പിക്കാൻ സാധിക്കാത്തതാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മന്ദീഭവിക്കുന്നതിന്റെ കാരണായി ചൂണ്ടിക്കാട്ടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടർ പട്ടികയിൽ പാർട്ടി അണികളുടെയും, അനുയായികളുടെയും പേരുണ്ട് എന്ന് ഉറപ്പാക്കുന്ന ജോലികൾ പോലും ഇതുവരെയും പൂർണതോതിൽ കോൺഗ്രസ് പാർട്ടി നടത്തിയിട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതുകൊണ്ടു തന്നെ പ്രാദേശിക തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെല്ലാം വളരെ ചെറിയ തോതിലാണ് നടക്കുന്നതെന്നാണ് ആരോപണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇടപെട്ട് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പാർട്ടിയെ സജീവമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

എന്നാൽ, ഈ പ്രവർത്തനങ്ങളിലൊന്നുമില്ലാതെ സ്ഥാനാർത്ഥി മോഹവുമായി കുപ്പായം തുന്നിയിറങ്ങിയ നിരവധിപ്പേർ ഇതിനോടകം തന്നെ കോൺഗ്രസ് പാനൽ മോഹിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും നിറച്ച് , പുഞ്ചിരിക്കുന്ന മുഖമവുമായി പാർട്ടി ഓഫിസുകളുടെ തിണ്ണയിലും, നേതാക്കന്മാർ എത്തുന്ന വേദിയിലും ഇത്തരക്കാർ ഇതിനോടകം സജീവമായി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലം പാർട്ടിയ്ക്കു വേണ്ടി തല്ലും കൊണ്ട് കേസിലും പ്രതിയായ ആളുകൾ ഇപ്പോഴും പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് അടുത്തതോടെ അടുത്തെത്തുന്ന അവതാരങ്ങൾ അവതരിച്ചിരിക്കുന്നത്.

യാതൊരു വിധ പ്രവർത്തനങ്ങളും നടത്താത്ത ഇവർ നേതാക്കളെ സ്വാധീനിച്ച് സീറ്റ് തരപ്പെടുത്താൻ ഇറങ്ങിയതിൽ കടുത്ത പ്രതിഷേധം പല നേതാക്കൾക്കുമുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരവണ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ അനുയോജ്യരായവരെ തന്നെ പരിഗണിക്കണമെന്നാണ് പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യം.

Hot Topics

Related Articles