ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം വേദനാജനകം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

തിരുവനന്തപുരം: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും സംസ്ഥാനത്തെ സ്‌കൂളുകളിലെ സുരക്ഷ സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ട്രഷറർ മഞ്ജുഷ മാവിലാടം. വൈദ്യുതി ബോര്‍ഡ്, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറ്റകരമായ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിനു പിന്നില്‍. അധികൃതരുടെ വീഴ്ചകള്‍ മറച്ചു പിടിക്കാനും കുറ്റക്കാരെ വെള്ളപൂശാനും മന്ത്രി ജെ ചിഞ്ചുറാണി നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. ദാരുണമായി കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ പ്രതിയാക്കിയ മന്ത്രി മാതൃത്വത്തിനു പോലും അപമാനമാണെന്നു പറയാതെ വയ്യ. സ്‌കൂളില്‍ നിന്നു പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം ഇനിയും മറന്നിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക മികവിനും ഉയര്‍ന്ന റിസല്‍ട്ടിനുമായി മല്‍സരിക്കുന്നതിനിടെ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊടിക്കൈകള്‍ കൊണ്ട് വിഷയത്തെ തണുപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് സമഗ്രവും സത്യസന്ധവുമായ വിലയിരുത്തല്‍ അടിയന്തരമായി നടത്തണമെന്ന് സംസ്ഥാന ട്രഷറർ മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles