കോട്ടയം : തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സമയം എണ്ണി കാത്തിരുന്ന് ബി ജെ പി പ്രവർത്തകർ. ഇതിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൗൺഡൗൺ ക്ളോക്ക് സ്ഥാപിച്ചാണ് സജീവ പ്രവർത്തന രംഗത്തേയ്ക്ക് ബിജെപി ഇറങ്ങിയത്. മിഷൻ 2025 കൗണ്ട് ഡൗൺ, ഇനി 100 ദിവസം – എന്ന മുദ്രാവാക്യവുമായാണ് കൗണ്ട് ഡൗൺ ക്ളോക്ക് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ സ്വിച്ച് ഓൺ ചെയ്തത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി പ്രവർത്തകരുടെ ആവേശം വർധിപ്പിക്കുന്ന രീതിയിൽ എല്ലാ സംഘടനാ ജില്ലാ ഓഫീസുകളിലും ഇത്തരത്തിൽ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിക്കാനാണ് ബിജെപി തീരുമാനം.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സംഘടനാതലത്തിൽ കൂടുതൽ ശക്തിപ്പെടുന്നത് സംബന്ധിച്ചുമുള്ള വിശദ ചർച്ചകൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയ്ക്ക് കോട്ടയത്ത് തുടക്കമിട്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മറ്റ് സംസ്ഥാനതല നേതാക്കൾ, മേഖല പ്രഭാരിമാർ, മേഖല പ്രസിഡന്റുമാർ, മേഖല ജനറൽ സെക്രട്ടറിമാർ, ജില്ലാ പ്രഭാരിമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരും ശില്പശാലയുടെ ഭാഗമായി.