കോട്ടയം : ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ ആൾകൂട്ട വിചാരണക്കും അതിക്രമങ്ങൾക്കും ശേഷം കേരളത്തിൽ നിന്നുള്ള രണ്ടു സിസ്റ്റർമാർക്ക് നേരെ കള്ളക്കേസ് എടുക്കുകയും ജയിലിൽ ആക്കുകയും ചെയ്ത നിഷ്ഠൂരമായ സംഭവത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനസേവനത്തിന്റെ പാതയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റർ പ്രീതി മേരി,സിസ്റ്റർ വന്ദന ഫാൻസിസ്നെയും എത്രയും വേഗം ജയിൽ മോചിതരാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും നേരിട്ട് ഇടപെടണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ഭരണം നടത്തുന്ന ഛത്തീസ്ഗഡിൽ ആർഎസ്എസ് – ബജരംഗ് ദൾ പ്രവർത്തകർ സിസ്റ്റർമാർക്ക് നേരെ നടത്തിയ അതിക്രമങ്ങൾ ഇന്ത്യയുടെ മഹത്തായ മതേതരത്വ നിലപാടിനെ ചോദ്യം ചെയ്യുന്നതാണ്. ഭാരതത്തിൽ മതേതരത്വം സംരക്ഷിക്കപ്പെടാനും മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. ഛത്തീസ്ഗഡിൽ സിസ്റ്റർമാർക്കു നേരെ ഉണ്ടായ മനുഷ്യത്വരഹിത വേട്ടയാടലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഛത്തീസ്ഗഡിൽ സിസ്റ്റർ മാർക്ക് നേരെ ആൾക്കൂട്ട വിചാരണയിലൂടെ അതിക്രമങ്ങൾ കാട്ടുകയും കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കുകയും ചെയ്ത ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിക്കുന്നതിനും മലയാളികളായ രണ്ട് സിസ്റ്റർമാരെയും എത്രയും വേഗം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടിയും പോഷക സംഘടനകളും സംസ്ഥാനവ്യാപകമായി പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കുന്നതാണ് എന്ന് മോൻസ് ജോസഫ് അറിയിച്ചു.