കോട്ടയം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങൾ നിത്യസംഭവമായി മാറിയെന്നും അധികാരികൾ നിസംഗത വെടിയണമെന്നും മലങ്കര അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. പെരുവന്താനം പഞ്ചായത്തിലെ ഒരു വാർഡിൽ തന്നെയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ 2 ജീവനുകൾ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. മലയോരമേഖലയിൽ എപ്പോൾ വേണമെങ്കിലും വന്യമൃഗത്തിന്റെ രൂപത്തിൽ മരണമെത്താം എന്നതാണ് സ്ഥിതി. സ്വന്തം വീടിനുള്ളിൽപ്പോലും മലയോരജനത സുരക്ഷിതരല്ല.
2015 മുതൽ സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ ആയിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. മനുഷ്യ ജീവൻ പൊലിയുമ്പോൾ നടത്തുന്ന പ്രസ്താവനകൾക്കപ്പുറം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥതവും സത്വരവുമായ നടപടികൾ മനുഷ്യപക്ഷത്തുനിന്ന് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്ന സമീപനം അവസാനിപ്പിക്കണമെന്നും അഡ്വ ബിജു ഉമ്മൻ ആവശ്യപ്പെട്ടു.