ഫോട്ടോ:വൈക്കം നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള വാക്കേറ്റം മുർച്ഛിച്ചതിനെതുടർന്ന് പോലീസ് എത്തിയപ്പോൾ
വൈക്കം:നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബി ജെ പി ചെയർപേഴ്സൻ്റെയടക്കം രാജി ആവശ്യപ്പെട്ടത് കൗൺസിൽഹാളിൽ ഭരണപക്ഷ പ്രതിപക്ഷ വാക്കേറ്റത്തിൽ കലാശിച്ചു. അജണ്ടകൾ പൊടുന്നനെ പാസാക്കി ചെയർപേഴ്സണൻ കൗൺസിൽ അവസാനിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി ജെ പി കഴിഞ്ഞ ദിവസം നടത്തിയ ഉപരോധ സമരത്തിലുണ്ടായ സംഘർഷത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷിൻ്റെ കൈക്ക് പരിക്കേറ്റ സംഭവത്തെ എൽഡിഎഫും യു ഡി എഫും അപലപിച്ചാണ് ഇന്നലെ കൗൺസിൽ യോഗം ആരംഭിച്ചത്.പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻനായർ, കോൺഗ്രസ് നേതാവ് ബി. ചന്ദ്രശേഖരൻ, കൗൺസിലർമാരായ കെ.പി.സതീശൻ, ലേഖാശ്രീകുമാർ എന്നിവർ ചെയർപേഴ്സണു പരിക്ക് പറ്റിയ സംഭവം നീതികരിക്കാനാവില്ലെന്ന് കുറ്റപ്പെടുത്തി.
ഓട ശുചീകരണത്തിലെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടിൻ്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി ബി ജെ പി കൗൺസിലർമാരായ എം.കെ.മഹേഷ്,ലേഖ അശോകൻ, കെ.ബി.ഗിരിജാകുമാരി എന്നിവർ പറഞ്ഞു. വാർഡിലെ നിരവധി കുടുംബങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടാക്കിയ ദുർഗന്ധം വമിക്കുന്ന ഓട തൊഴിലാളികൾ ഇറങ്ങാൻ തയ്യാറാകാത്തതിനാലാണ് മാലിന്യംഹിറ്റാച്ചി ഉപയോഗിച്ച് നീക്കിയതെന്ന് ആരോപണവിധേയമായ സിന്ധുസജീവൻ പറഞ്ഞു. ഒരുരൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലൻസിൻ്റെ അടക്കം ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും അവർ പറഞ്ഞു.
ബിജെപി സംഘർഷത്തിൽ തനിക്ക് പരിക്കേറ്റത് വീഡിയോ ദൃശ്യങ്ങളിൽവ്യക്തമാണെന്നും കൈയിൽ ബാൻഡേജ് കെട്ടിയതിനെ പരിഹസിച്ച ബി ജെ പി അംഗങ്ങൾക്ക് മറുപടിയായി പ്രീതാ രാജേഷ് പറഞ്ഞു. ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടകാര്യങ്ങൾ ഉദ്യോഗസ്ഥരുമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പ്രീതാ രാജേഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും പറഞ്ഞു.