ആറ് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ : കുഞ്ഞിനെ വാങ്ങിയില്ല എങ്കിൽ കൊല്ലും എന്ന് ഭീഷണി

കൊച്ചി : ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കള്‍. കുഞ്ഞുങ്ങള്‍ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്ബത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വില്‍ക്കാനായി ശ്രമം നടത്തിയത്.പോലീസിന്റെ സമയോചിതമായ ഇടപെടലില്‍, പോലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം.

Advertisements

കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ അവർ സ്വീകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് മാതാപിതാക്കള്‍ കടുങ്ങല്ലൂർ സ്വദേശിനിയോട് പറഞ്ഞതെന്നും അതേസമയം, കുഞ്ഞിനെ വില്‍ക്കുന്നതിന് പിന്നില്‍ പണമിടപാടുകള്‍ നടന്നിട്ടില്ലെന്നും കളമശ്ശേരി സി ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കഴിഞ്ഞ മാസം 26-നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആലുവ സ്വദേശിയായ യുവതി പ്രസവത്തിനായി അഡ്മിറ്റായത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പങ്കാളിയായ ജോണ്‍ തോമസുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളില്‍ നിന്നും ഗർഭിണിയായ വിവരം വീട്ടുകാരില്‍നിന്നടക്കം മറച്ചുവെച്ചിരിക്കുകയായിരുന്നു.

പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാർജ് ആയതിനുശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വില്‍ക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകള്‍ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരില്‍ കേസ് എടുത്തതായി കളമശ്ശേരി സിഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പിടിയിലായ കുഞ്ഞിന്റെ പിതാവിനെ പോലീസ് റിമാൻഡ് ചെയ്തു. പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ മാതാവിനെ മഹിളാമന്ദിരത്തില്‍ പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അടുത്ത ദിവസംതന്നെ സിഡബ്ല്യൂസിക്ക് കൈമാറിയേക്കും.

Hot Topics

Related Articles