കോട്ടയം: സിപിഐയുടെ ചുവപ്പ് നിറച്ച ഉരുക്ക് കോട്ടയാണ് വൈക്കം. വൈക്കത്ത് വീണ്ടും സിപിഐയുടെ ജില്ലാ സമ്മേളനം എത്തുമ്പോൾ അത്യന്തം ആവേശത്തിലാണ് പ്രവർത്തകർ. വൈക്കത്തിന്റെയും വൈക്കത്തെ സിപിഐയുടെയും ചരിത്രം ഇങ്ങനെ അറിയാം..!!
കോട്ടയംജില്ലയിലെ സിപിഐ യുടെ ശക്തികേന്ദ്രമാണ് വൈക്കം. ചെമ്പതാകക്ക് കീഴിൽ ആയിരങ്ങളെ തെരുവിൽ അണിനിരത്താൻ കഴിയുന്ന നാട്. ജില്ലയിലെ ആകെ പാർട്ടി മെമ്പർഷിപ്പിന്റെ
മൂന്നിലൊന്നും വൈക്കം മണ്ഡലത്തിലാണ്.
വൈക്കത്തിന്റെ ചരിത്രത്തിൽ രണ്ട്
തവണ മാത്രമാണ് വൈക്കം നിയമസഭാ സീറ്റ് പാർട്ടിക്ക് നഷ്ടമായിട്ടുള്ളൂ.1957 ലും1991 ലും പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പുകളിലും വർദ്ധിത ഭൂരിപക്ഷത്തോട് കൂടി പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ച് കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരുകൊച്ചി നിയമസഭയുടെ ഭാഗമായിരുന്ന
വൈക്കത്തിന്റെ എം.എൽ.എ. സഖാവ് സി.കെ.വിശ്വനാഥനായിരുന്നു. (അദ്ദേഹത്തിന്റെ മകനാണ് സഖാവ് ബിനോയ് വിശ്വം)
1960മുതൽ 1977 വരെ 2, 3, 4
നിയമസഭകളെ പ്രതിനിധീകരിച്ചത് സഖാവ് പി.എസ്. ശ്രീനിവാസനായിരുന്നു.
5,6,7 നിയമസഭകളെ സഖാവ് എം.കെ.കേശവനും ,8-ാം നിയമസഭയെ സഖാവ് പി.കെ. രാഘവനും, 10-ാം നിയമസഭയെ വീണ്ടും എം.കെ. കേശവനും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1998 മുതൽ 10, 11, നിയമസഭകളെ സഖാവ് പി.നാരായണനും, 12 ഉം13 ഉം നിയമസഭകളെ സഖാവ് കെ.അജിത്തും 14, 15 നിയമസഭകളെ ഇപ്പോൾ സി.കെ. ആശയും പ്രതിനിധീകരിക്കുന്നു..
വൈക്കം സത്യഗ്രഹ സമരത്തിന്റെ അടയാളപ്പെടുത്തലുകളാണ് വലിയ കവലയിൽ കാണാൻ കഴിയുന്നത്. സത്യഗ്രഹ സമരത്തിന്റെ ശില്പി ടി.കെ. മാധവനും, സവർണ മേധാവിത്വത്തെ വെല്ലുവിളിച്ച് സത്യഗ്രഹ സമര കേന്ദ്രത്തിലേക്ക് സവർണ്ണ ജാഥ നയിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മന്നത്ത് പത്മനാഭനും, തമിഴകത്ത് നിന്ന് ആളും അർത്ഥവുമായി വന്ന് സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന സാക്ഷാൽ തന്തൈ പെരിയോറും സംഗമിച്ചിരിക്കുന്ന വൈക്കം വലിയ കവലയിൽ നിന്നാണ് വൈകുന്നേരം റെഡ് വാളണ്ടിയർ പരേഡ് ആരംഭിക്കുന്നത്.
പട്ടിക്കും പൂച്ചക്കും വഴിനടക്കാവുന്ന മണ്ണിൽ മനുഷ്യ ജന്മങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നീച ജന്മങ്ങൾക്കെതിരെ സാമൂഹ്യ വിപ്ലവത്തിന് തിരികൊളുത്തിയ
ഐതിഹാസികമായ വൈക്കം
സത്യഗ്രഹ സമരം നടന്ന ചരിത്ര മണ്ണിൽ
മൂന്ന് ദിനങ്ങളിലായി നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നാളെ ചെങ്കൊടി ഉയരും.
ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യൻകാളിയും, ഉൾപ്പെടെയുള്ള അനേകം നവോത്ഥാന നായകർ ഉഴുതുമറിച്ച മലയാള മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിത്തെറിഞ്ഞ് മുളപ്പിച്ച സഖാവ് പി.കൃഷ്ണപിള്ളക്ക് ജന്മം നൽകിയ വൈക്കത്തെ കാരയിൽ പറൂപറമ്പ് പുരയിടം ഇപ്പോൾ സിപിഐ ക്ക് സ്വന്തമാണ്.
വലിയ കവലയിൽ നിന്ന് വൈക്കം ടൗണിലേക്ക് രണ്ടായി വഴി പിരിയുന്നതിന്റെ മധ്യത്തിൽ ചെമ്പട്ടണിഞ്ഞ് സിപിഐ മണ്ഡലം കമ്മറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നു. വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇരുന്നൂറ് മീറ്റർ മുന്നോട്ട് പോയാൽ ഇടതു വശത്ത് 48 ബ്രാഹ്മണ ഇല്ലങ്ങളുടെ കേന്ദ്രആസ്ഥാനവും വൈക്കം ക്ഷേത്രത്തെ നിയന്ത്രിച്ച ഉഗ്രപ്രതാപികൾ താമസിച്ചിരുന്നതും, വൈശ്യനായതുകൊണ്ട് മഹാത്മാ ഗാന്ധിയെ അകത്ത് കയറ്റാതെ പൂമുഖത്ത് പണിത അരമതിലിൽ ഇരുത്തിയ രണ്ടേക്കറോളം വരുന്ന ഇണ്ടം തുരുത്തി മനയാണ്. അത് ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെത്ത് തൊഴിലാളി യൂണിയൻ ആഫീസാണ്.
വിവരണാതീതമായ ത്യാഗങ്ങൾ സഹിച്ച്
വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുത്ത സഖാക്കൾ സി.കെ. വിശ്വനാഥനും, എം വാസുദേവനും, എൻ ദാമോദരനും (ബോസു ചേട്ടൻ) ഇണ്ടം തുരുത്തി മനയിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്.
കാലത്തിന്റെ ചുവരെഴുത്തുകൾ മായ്ക്കാൻ കഴിയില്ല. കൂടുതൽ കരുത്തോടെ കോട്ടയത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നേറാൻ കഴിയുന്ന സമൂർത്ത ചർച്ചകൾക്ക് വൈക്കത്ത് ചേരുന്ന ജില്ലാ സമ്മേളനം സാക്ഷ്യം വഹിക്കും.
1949ലാണ് കോട്ടയം ജില്ല രൂപീകൃതമാകുന്നത്. 1972 ൽ ഇടുക്കി ജില്ല രൂപീകൃതമാകുന്നതുവരെ ഇന്നത്തെ ഇടുക്കിയുടെ ദേവികുളം, ഉടുമ്പൻചോല ,പീരുമേട് താലൂക്കുകൾ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. സഖാക്കൾ സി.എസ്. ഗോപാലപിള്ള, കെ.റ്റി. ജേക്കബ്ബാശാൻ,പി.എസ്. ശ്രീനിവാസൻ, സി.കെ. വിശ്വനാഥൻ, പി.പി.ജോർജ്, പി.എൻ. കരുണാകരൻ നായർ, കാനം രാജേന്ദ്രൻ, കെ.കെ. ശ്രീനിവാസൻ, അഡ്വ. പി.കെ. ചിത്രഭാനു, പി.കെ.കൃഷ്ണൻ, സി.കെ. ശശിധരൻ എന്നിവരായിരുന്നു മുൻ ജില്ലാ സെക്രട്ടറിമാർ. വാഴൂർ സ്വദേശിയായിരുന്ന സഖാവ് ജേക്കബ്ബ് പണിക്കർ സഖാവ് സി.കെ. വിശ്വനാഥൻ ചികിൽസക്കായി സോവിയറ്റ് യൂണിയനിൽ പോയ കാലം പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. അഡ്വ. വി.ബി. ബിനുവാണ് സമ്മേളന കാലയളവിൽ സെക്രട്ടറി.
കടപ്പാട്: അഡ്വ.പ്രശാന്ത് രാജൻ