കോട്ടയം: ജില്ലയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച 51 വാഹനങ്ങൾ കണ്ടു കെട്ടി ലേലം ചെയ്യാനൊരുങ്ങി എക്സൈസ്. കോട്ടയം എക്സൈസ് ഡിവിഷനിൽ ഉൾപ്പെട്ട അബ്കാരി കേസുകളിലും ലഹരികേസുകളിലും ഉൾപ്പെട്ട വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. അബ്കാരി കേസുകളിൽ ഉൾപ്പെട്ട18 വാഹനങ്ങളും, രാസ ലഹരി അടക്കമുള്ളവ കടത്തിയ 51 വാഹനങ്ങളുമാണ് നേരത്തെ കണ്ടു കെട്ടിയത്. ഇവയാണ് ലേലം ചെയ്തു വിൽക്കാൻ ഒരുങ്ങുന്നത്. ആഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 11 ന് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായാണ് ലേലം നടക്കുക. കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിലാണ് ലേലം നടക്കുന്നത്. ലേല നിബന്ധനകളും വാഹനത്തിന്റെ വിവരങ്ങളും എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും എക്സൈസ് ഹെഡ് ക്വാർട്ടേഴ്സിലും സംസ്ഥാനത്തെ എല്ലാ എക്സൈസ് ഓഫിസുകളിലും ലഭിക്കും. ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങൾ അവ സൂക്ഷിച്ചിരിക്കുന്ന ഓഫിസ് മേധാവികളുടെ അനുമതിയോടെ പരിശോധിക്കാം.
ലഹരിയ്ക്കെതിരായ നടപടികളുടെ ഭാഗമായി ലഹരിക്കടത്തിന് അടക്കം ഉപയോഗിക്കുന്ന വാഹനങ്ങൾ കർശനമായി കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികൾ തുടരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ അജയ് ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു.