ഹെൽത്ത് ഡെസ്ക്
പ്രായം കൂടുന്തോറും ആളുകളുടെ ശരീരം ക്ഷീണിക്കുന്നതും ഒട്ടേറെ രോഗങ്ങള്‍ അവരെ പിടികൂടുന്നതുമെല്ലാം സാധാരണയാണ്.എന്നാല്‍, ചില ലക്ഷണങ്ങളെ വാർധക്യത്തിന്റെ ലക്ഷണങ്ങളായി തെറ്റിദ്ധരിച്ച് അവഗണിക്കരുതെന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 45 വയസ്സിന് ശേഷം അവഗണിക്കാൻ സാധ്യതയുള്ളതും എന്നാല്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതുമായ ചില ആരോഗ്യ സൂചനകളും ഉണ്ട്. ഈ സൂചനകള്‍ തിരിച്ചറിയുന്നത് വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനോ നിയന്ത്രിക്കാനോ സഹായിക്കും. മികച്ച ആരോഗ്യം കൈവരിക്കാനും ഇതുവഴി സാധിക്കും.
ബ്രെയിൻ ഫോഗ്
ബ്രെയിൻ ഫോഗ് അനുഭവപ്പെടുമ്ബോള്‍ ആളുകള്‍ക്ക് മാനസികമായ ആശയക്കുഴപ്പമുണ്ടാകുകയും വിവരങ്ങള്‍ ഓർത്തുവെക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. 45 വയസ്സിനു മുകളിലുള്ളവരില്‍ ഹോർമോണ്‍ വ്യതിയാനങ്ങള്‍, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, മരുന്നുകളുടെ പാർശ്വഫലങ്ങള്‍, പ്രമേഹം, വിഷാദരോഗം എന്നിവയാകാം ഇതിന് കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓർമക്കുറവും ചിന്തിക്കുന്നതിലെ അവ്യക്തതയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടൻ ഒരു ഡോക്ടറെ കാണാം.
കാഴ്ച മങ്ങുന്നത്
പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങളില്‍ ശ്രദ്ധവേണം. മങ്ങിയ കാഴ്ചയോടൊപ്പം ക്ഷീണവും ദൂരെയോ രാത്രിയിലോ കാണാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. വെള്ളെഴുത്ത്, തിമിരം, മാക്യുലാർ ഡീജനറേഷൻ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ വളരെ പതുക്കെയാണ് രൂപപ്പെടുന്നത്.
കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ഇവ സ്ഥിരമായ കാഴ്ചത്തകരാറിന് കാരണമാകും. തുടർച്ചയായ കണ്ണില്‍ ക്ഷീണം, വായിക്കാനുള്ള ബുദ്ധിമുട്ട്, തെളിച്ചക്കുറവ് എന്നിവ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടണം. കൃത്യമായ നേത്രപരിശോധനകളും ആവശ്യമാണ്.
ശരീരഭാരം ശ്രദ്ധിക്കാം
45 വയസ്സിനു മുകളിലുള്ളവരില്‍ ആന്തരികാവയവങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രമേഹം, ഡിമെൻഷ്യ, ആസ്മ, കാൻസർ എന്നീ ഗുരുതര രോഗങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. 40 വയസ്സില്‍ കുടവയറുള്ള ആളുകള്‍ക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. 40 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണമുള്ള പുരുഷന്മാർക്കും 35 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണമുള്ള സ്ത്രീകള്‍ക്കും ആരോഗ്യപരമായ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.
ഉറക്കം താളം തെറ്റുന്നത്
ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനെ സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. 45 വയസ്സിന് ശേഷം ആർത്തവവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍, ഹോർമോണ്‍ വ്യതിയാനങ്ങള്‍, സമ്മർദ്ദം എന്നിവയുടെ ഫലമായി ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകാം. ഉറങ്ങാൻ ബുദ്ധിമുട്ടുക, ഉറക്കം നിലനിർത്താൻ കഴിയാതിരിക്കുക, ഇടയ്ക്കിടെ ഉണരുക, പകല്‍സമയത്തെ അമിത ഉറക്കം തുടങ്ങിയവ ഗൗരവകരമായ പ്രശ്നങ്ങളുടെ സൂചനയാകാം. ഉറക്കവുമായി ബന്ധപ്പെട്ട് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ മാനസികാരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.
(മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)