കോടനാടിന്റെ നാടൻ പെരുമ…! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ

കോട്ടയം: കോടനാടിന്റെ ആനപ്പന്തിയിൽ നിന്നും അവസാനമായി കേരളത്തിലെ നാട്ടാനക്കൂട്ടത്തിലേയ്ക്ക് ആനപ്രേമികളുടെ ആവേശത്തിലേയ്ക്കു നടന്നു കയറിയ ഗജസൗന്ദര്യത്തികവിന് വിട. കേരളത്തിലെ ആനപ്രേമികളുടെ ഹൃദയത്തിൽ വിള്ളലുണ്ടാക്കി ഗജരാജ സൗന്ദര്യസുന്ദരൻ ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് ആനപ്രേമികളും. 55 വയസുകാരനായ കൊമ്പൻ പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇടയ്ക്ക് ഉത്സവപ്പറമ്പിൽ കുഴഞ്ഞ വീണ കൊമ്പൻ മൂന്നു ദിവസം മുൻപ് ഈരാറ്റുപേട്ടയിലെ ആനത്തറിയിലും കുഴഞ്ഞു വീണിരുന്നു. മൂത്രതടസവും അനുഭവപ്പെട്ട് അസ്വസ്ഥതകളിൽ കഴിഞ്ഞിരുന്ന കൊമ്പനാണ് ഇന്ന് ചരിഞ്ഞത്.

Advertisements

കോടനാട്ടിലെ ആനപരിശീലന കളരിയിൽ നിന്നും അവസാനമായി കേരളത്തിലെ പൊതുലേലത്തിൽ എത്തിയ ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ. ഐരാവത സമൻ എന്ന വിളിപ്പേരിലൂടെ കേരളത്തിലെ ആനപ്രേമികൾക്കിടയിലും അയ്യപ്പൻ ആവേശം നിറച്ചിരുന്നു. കോടനാട്ടിൽ നിന്നും ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളുക്കുന്നേൽ വീട്ടിലെത്തിയ കൊമ്പന് ആദ്യകാലത്ത് ആരാം എന്ന പേരാണ് നൽകിയിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ഞൂഞ്ഞ് ചേട്ടൻ എന്ന വിളിപ്പേരുള്ള ജോസഫ് തോമസ് എന്ന ഉടമയാണ് അയ്യപ്പനെ ആദ്യം മുതൽ നോക്കി വളർത്തിയിരുന്നത്. 1977 ഡിസംബർ 20 ന് അയ്യപ്പനെ കോടനാട് നിന്നും ലേലത്തിൽ പിടിക്കുമ്പോൾ ആനയ്ക്ക് അഞ്ചു വയസ് മാത്രമായിരുന്നു പ്രായം. ശാന്തസ്വഭാവം. കൊഴുത്ത കറുത്തിരുണ്ട ശരീരം. അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, എടുത്തകൊമ്പുകൾ, ഭംഗിയുള്ള കണ്ണുകൾ ഇതൊക്കെ ആയിരുന്നു അയ്യപ്പന്റെ ആകർഷണം. പത്തടി ഉയരവും അതിനൊത്ത ആകർഷകമായ ശരീരവും അയ്യപ്പന്റെ പ്രത്യേകതയാണ്. ലക്ഷണശാസ്ത്രത്തിൽ പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനിൽ തികഞ്ഞിരുന്നതായി ആരാധകർ പറയുന്നു. ചേർത്തല പള്ളിപ്പുറത്ത് കണ്ണേഴത്ത് പ്രഭാകരൻ നായരും കുടുംബവുമായി കുഞ്ഞൂഞ്ഞ്ചേട്ടനും കുടുംബത്തിനുമുള്ള ബന്ധം അയ്യപ്പനിലേക്കും നീണ്ടു. കുഞ്ഞൂഞ്ഞ്ചേട്ടന്റെ മകൻ തോമസ് പി. തോമസും പ്രഭാകരൻനായരുടെ മകൻ അരവിന്ദാക്ഷനും ചേർന്നാണ് ഇപ്പോൾ അയ്യപ്പന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശി ബാലാജിയാണ് നിലയിൽ ആനയെ പരിപാലിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ബാലാജി ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി ആനയുടെ വിടവാങ്ങൽ ഉണ്ടായത്.

മൂലേടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കുംഭകുട ഘോഷയാത്രയിലെ സജീവ സാന്നിധ്യമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയ്യപ്പനും ബാലാജിയും. ആന സ്ഥിരമായി മൂലവട്ടത്തെ വേദിയില്‍ എത്തുകയും ഉത്സവത്തില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിലെ കുറ്റിക്കാട്ടച്ഛന്‍ സ്മാരക കുംഭകുട സമിതിയാണ് എല്ലാവര്‍ഷവും കൊമ്പനെ കുംഭകുടത്തിനായി എത്തിച്ചിരുന്നത്. ആനയുടെ അപ്രതീക്ഷിത വേര്‍പ്പാടില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മൂലവട്ടം പരിസരത്തെ ആരാധകര്‍.

Hot Topics

Related Articles