വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസമായി വർധിപ്പിക്കും : കൊടിക്കുന്നിൽ സുരേഷ് എംപി

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ നിലവിൽ നടത്തുന്ന സർവീസ് ആഴ്ചയിൽ രണ്ടുദിവസത്തിൽ നിന്ന് മൂന്ന് ദിവസമായി വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ട്രെയിൻ ഡെയിലി സർവീസാക്കി മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും, പ്ലാറ്റ്ഫോം, മാർഷലിംഗ് യാർഡ്, റേക്ക് ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട അന്തിമ ക്രമീകരണങ്ങൾ പൂർത്തിയാകുന്നതോടെ അത് ഉടൻ നടപ്പിലാക്കുമെന്നും എംപി പറഞ്ഞു.

Advertisements

നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുന്നതിനെക്കുറിച്ച് റെയിൽവേ ബോർഡ് നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, നിലവിലുള്ള ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് പുനഃക്രമീകരിക്കുന്നതിന് റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിച്ചതിനു ശേഷം ഓണത്തിന് മുന്നോടിയായി ട്രെയിൻ കൊല്ലത്തേക്ക് നീട്ടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം വഴി നിലവിൽ സർവീസ് നടത്തുന്ന മെമ്മു ട്രെയിനുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി 8 കോച്ചുകളുള്ള ട്രെയിനുകൾ 12നും 16നും വർധിപ്പിക്കാനുള്ള പ്രോപ്പോസൽ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്നും, ഇതിനായി പുതിയ അധിക റേക്കുകൾ ഉടൻ കൊല്ലത്ത് എത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഇതോടെ യാത്രക്കാരുടെ ദൈനംദിന യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്താംകോട്ടയിലെ ഏറനാട് എക്സ്പ്രസ്സിന്റെ സ്റ്റോപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നും, കോവിഡ് കാലത്ത് ശാസ്താംകോട്ടയിലും ചങ്ങനാശ്ശേരിയിലും ഒരുവശത്തേക്ക് സ്റ്റോപ്പ് നിർത്തലാക്കിയ മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ്സിന്റെ സ്റ്റോപ്പും, ചങ്ങനാശ്ശേരിയിൽ ജനശതാബ്ദി എക്സ്പ്രസ്സിന്റെ സ്റ്റോപ്പും താമസിയാതെ തന്നെ അനുവദിക്കുമെന്ന് റെയിൽവേ ബോർഡിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.

യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നിറവേറ്റാൻ റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും തുടർച്ചയായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടത് വലിയ ആശ്വാസമാണ്. – കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവനയിൽ പറഞ്ഞു.

Hot Topics

Related Articles