കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ വെസ്റ്റ്് ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ ഉത്തർ ദീജാപൂർ ജില്ലയിൽ ബലിജോലെയിൽ നജീറുൽ ഹഖി(31)നെയാണ് കോട്ടയം റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ നാലുമണിയോടെ റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ റെയിൽവേ സംരക്ഷണ സേനയിൽ പരാതി നൽകി. തുടർന്നു സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് റെയിൽവേ സംരക്ഷണ സേനാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. റെയിൽവേ സംരക്ഷണ സേനാ എസ്.ഐ എൻ.എസ് സന്തോഷ്, അസി.സബ് ഇൻസ്‌പെക്ടർമാരായ എസ്.സന്തോഷ്‌കുമാർ, ബിജു എബ്രഹാം, ഹെഡ് കോൺസ്റ്റബിൾ എം.മധുസൂദനൻ, ക്രൈംഇന്റലിജൻസ് വിംങ് എസ്.ഐ ഫിലിപ്പ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാഗമ്പടം റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ഇയാൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടആർ.പി.എഫ് സംഘം ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തി. ഈ മൊബൈൽ ഫോണുകൾ ആരുടേതാണ് എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. ഇതേ തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ യാത്രക്കാരുടെ വെയ്റ്റിംങ് റൂമിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു; വെസ്റ്റ് ബംഗാൾ സ്വദേശിയെ പിടികൂടി റെയിൽവേ സംരക്ഷണ സേനാംഗം സംഘം
