റിപ്പോർട്ടർ ചാനലിൻ്റെ ഡെസ്കിൽ വച്ച് മോശം അനുഭവം ഉണ്ടായി : ന്യൂസ് ഡെസ്കിൽ മോശമായി പെരുമാറിയത് സുഹൃത്തായി കണ്ടിരുന്ന ഒരു വ്യക്തി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ചാനലിൻ്റെ കോട്ടയം ബ്യൂറോയിലെ മുൻ റിപ്പോർട്ടറായ യുവതി

കോട്ടയം : റിപ്പോർട്ടർ ചാനലിൻ്റെ ഡെസ്കിൽ വച്ച് മോശം അനുഭവം ഉണ്ടായതായ വെളിപെടുത്തലുമായി റിപ്പോർട്ടർ ചാനലിൻ്റെ കോട്ടയം ബ്യൂറോയിലെ മുൻ റിപ്പോർട്ടറായ യുവതി. കോട്ടയം ജില്ലയിലെ മുൻ റിപ്പോർട്ടറായ അഞ്ജന അനിൽകുമാറാണ് വെളിപ്പെടുത്തൽ നടത്തി രംഗത്ത് എത്തിയത്.

Advertisements

അഞ്ജന അനിൽകുമാറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പെൺകുട്ടികൾ പരാതി നൽകാത്തത്? ആദ്യം മുതൽ തന്നെ നിലനിൽക്കുന്ന ചോദ്യമാണിത്.

പൊതുസമൂഹത്തിൽ ഒരു പരാതിയുമായി വരാൻ അവർ ഭയക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടാകും, അത് പലതുമാകാം. കേരളത്തിലെ മുൻനിര മാധ്യമ സ്ഥാപനങ്ങൾ എല്ലാം വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്, നല്ല കാര്യമാണ്. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങൾ ഈ മാധ്യമ സ്ഥാപനങ്ങൾക്കുള്ളിൽ നടക്കുമ്പോൾ എന്ത്‌ നിലപാടാണ് ഇവർ സ്വീകരിക്കുന്നത് എന്നത് കൂടി ചർച്ച ചെയ്യേണ്ടതാണ്. ‘മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ആരും ചർച്ച ചെയ്യാറില്ല. അതുകൊണ്ട് അത് ആരും അറിയാറുമില്ല.’ പലയിടത്ത് നിന്നും കെട്ടിട്ടുള്ള വാചകമാണ്. അതെല്ലാ രീതിയിലും ശരിയാണ്. ഒരു ഉദാഹരണം പറയാം. ഈ കഴിഞ്ഞ മെയ്‌ മാസത്തിൽ ഞാൻ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടത് കൊണ്ട് 3 ദിവസത്തെ ഡെപ്യൂട്ടേഷനിൽ ന്യൂസ് ഡെസ്കിൽ വരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ഡെസ്കിൽ എത്തിയ ദിവസം അടുത്ത സുഹൃത്തായി കണ്ടിരുന്ന ഒരു വ്യക്തിയിൽ നിന്നും അന്നേ ദിവസം മോശമായ ഒരു അനുഭവം എനിക്കുണ്ടായി. അപ്പോഴത്തെ ഞെട്ടലിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുഖം തരാതെ അയാൾ ഓടിപ്പോയി. ഇയാളെയാണോ ഇത്രയും നാൾ ഞാൻ നല്ല സുഹൃത്തായി കണ്ടത് എന്നതായിരുന്നു എന്റെ ചിന്ത. ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ന്യൂസ് ഡെസ്കിലെ എന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരോട് അന്ന് രാത്രി വിഷയം പറഞ്ഞു. പരാതി നൽകിയാലോ എന്നും ആലോചിച്ചു. പരാതി നൽകരുത് എന്നായിരുന്നു അവരുടെ ഉപദേശം. എന്നെക്കാൾ മുതിർന്ന ഒരു മാധ്യമപ്രവർത്തകൻ. മറ്റ് പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തി. അത്തരത്തിൽ ഒരാൾക്കെതിരെ പരാതി നൽകിയാൽ നഷ്ടം നിനക്കായിരിക്കും എന്നതായിരുന്നു അവരുടെ മറുപടി. അവർ നൽകിയ ഉപദേശം ശരിയാണ്. പരാതി നൽകിയാൽ പിന്നീട് അതിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്നത് ഞാൻ തന്നെയായിരിക്കും. അതുകൊണ്ട് പരാതി നൽകിയില്ല. പക്ഷേ അവൻ ചെയ്തതിനുള്ള മറുപടി അവന് കൊടുക്കണം. എന്നിട്ടേ തിരിച്ചു പോകൂ എന്ന് ഞാൻ ഉറപ്പിച്ചു. ‘പ്രശ്നത്തിന് ഒന്നും പോകല്ലേ അഞ്ജനേ’ എന്ന് വീണ്ടും പറഞ്ഞു. ചെറിയ ഒരു മറുപടി കൊടുത്തിട്ട് ബ്യുറോയിൽ പൊക്കോളാം എന്ന് ഞാൻ പറഞ്ഞു. പിറ്റേ ദിവസം അതിനുള്ള ചെറിയ ഒരു മറുപടി കൊടുത്തു. അതിന് ശേഷം കോട്ടയം ബ്യുറോയിൽ തിരിച്ചെത്തി. പിന്നീട് പല ഭാഗത്ത് നിന്നും എനിക്ക് ഫോൺ കാളുകൾ വന്നു. ഞാൻ മറുപടി കൊടുത്തത് മാത്രമേ ഫോൺ ചെയ്തവർ അറിഞ്ഞിരുന്നുള്ളൂ. എന്തിനാണ് മറുപടി കൊടുത്തത് എന്ന് അവർ ചോദിച്ചുമില്ല, ഞാൻ പറഞ്ഞതുമില്ല. കുറച്ച് ദിവസത്തെ ചർച്ചകൾക്ക് ശേഷം വിഷയം അവിടെ എല്ലാവരും മറന്നു. ഈ സംഭവമുണ്ടായി ഒന്നരമാസത്തിന് ശേഷം എനിക്ക് ലീവ് കിട്ടാത്ത ഒരു സാഹചര്യം വന്നു. ‘മെഡിക്കൽ എമർജൻസി ആയിട്ടും നിനക്ക് ലീവ് തരാത്തത് എന്താണെന്ന് അറിയാമോ?’ എന്ന സുഹൃത്തിന്റെ ചോദ്യത്തിലാണ് പിന്നീട് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ശരിയാണ്, ഒരുപക്ഷേ ലീവ് തരാത്തതിനുള്ള കാരണം അതാകാം. പക്ഷെ, അത് ഒരു സംശയം മാത്രമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ആ സംശയം ഉറപ്പിക്കാനും സാധിച്ചു. ജോലി രാജിവെപ്പിക്കണം എന്നൊന്നും അവർക്ക് ഉദ്ദേശമില്ലായിരുന്നു, കുറച്ചുദിവസം അവളെ ഒന്ന് വട്ടം കറക്കാം, അങ്ങോട്ടുമിങ്ങോട്ടും ഓടിക്കാം, അതായിരുന്നു ഉദ്ദേശം. ആ ഉദ്ദേശത്തിന് അധികം ദിവസം നിന്ന് കൊടുത്തില്ല. ഉടൻ തന്നെ വീട്ടിൽ പോലും പറയാതെ Resignation Letter മെയിൽ ചെയ്തു. ‘രാജിവെക്കുന്ന കാര്യം നീ പറഞ്ഞില്ലല്ലോ?’ എന്നും പറഞ്ഞ് ഇപ്പോഴും പിണങ്ങിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്. ഒന്നിനും കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അന്ന് ഞാൻ എന്നെ പറയാനുള്ളൂ.

അപ്പോൾ പറഞ്ഞുവന്നത് ഇത്രെയും മാത്രം, പരാതി കൊടുക്കൂ എന്ന് പറയാൻ എളുപ്പമാണ്. പക്ഷേ പരാതി നൽകിയാലും അനുഭവിക്കേണ്ടിവരുന്നത് ഈ യുവതികൾ തന്നെയായിരിക്കും.

Hot Topics

Related Articles