തിരുവല്ല :
വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസ്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്.
ഓഗസ്റ്റ് 30 ന് രാത്രി 10.50നാണ് അപകടമുണ്ടായത്. എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും എഐജിയുടെ വാഹനം കുറ്റൂരിലേക്കുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
അതിഥി തൊഴിലാളിക്ക് തലയിലും മുഖത്തും തോളിലും പരിക്കേറ്റിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ബോണറ്റ്, വീല്‍ ആര്‍ച്ച് തുടങ്ങിയവയ്ക്ക് കേടുപാടുണ്ടായതായും എഫ്ഐആറില്‍ പറയുന്നു. പരിക്കേറ്റയാളെ പ്രതിയാക്കിയ നടപടി പൊലീസിനുള്ളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്കി.