തൃശ്ശൂർ:തിരുവോണ ദിവസം വ്യത്യസ്തമായ സമരവുമായി യൂത്ത് കോൺഗ്രസ്. തൃശ്ശൂർ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടന്നത്. കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.പോലീസ് വേഷവും മർദിച്ച പൊലീസുകാരുടെ മുഖംമൂടിയും ധരിച്ചാണ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയത്. ഡിഐജി ഓഫീസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് ‘കൊലച്ചോറ്’ കഴിക്കുന്ന രീതിയിൽ പ്രതിഷേധവും നടന്നു.
2023 ഏപ്രിൽ അഞ്ചിനാണ് ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സുജിത്ത് കസ്റ്റഡിയിൽ മർദനത്തിനിരയായത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദന ദൃശ്യങ്ങൾ പുറത്തുവന്നത്.മുൻപ് തന്നെ നിരവധി വെളിപ്പെടുത്തലുകൾ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. കസ്റ്റഡി മർദന വിവരം പുറത്തുവന്നത് ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തതായി സുജിത്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെന്നും, പൊലീസുകാരിൽ ഒരാളായിരുന്ന സുഹൈർ തന്നെയാണ് മർദിച്ചതെന്നും സുജിത്ത് ആരോപിച്ചു. ഇപ്പോൾ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്.മർദിച്ച അഞ്ച് പൊലീസുകാരുടെ കാര്യത്തിൽ നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കേസിൽ ചുമത്തിയത് IPC 323 പ്രകാരമുള്ള ‘കൈ കൊണ്ടടിച്ചത്’ എന്ന കുറ്റം മാത്രമാണ്. ഒരു കൊല്ലം തടവിൽ മാത്രമേ കുറ്റം ഒതുങ്ങുകയുള്ളൂ. പ്രതികൾക്ക് രക്ഷപ്പെടാൻ അനുകൂലമായ രീതിയിൽ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന വിമർശനവുമുണ്ട്.മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, നാലു പൊലീസുകാരുടെ പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞതും ഇൻക്രിമെന്റ് 2 വർഷത്തേക്ക് നിഷേധിച്ചതുമാണ് ഇപ്പോൾ വരെയുണ്ടായ നടപടി. അതുകൊണ്ട് ഇനി വകുപ്പുതല നടപടികൾ സാധ്യമല്ലെന്നും, തുടർ നടപടി കോടതിയുടെ വിധിപ്രകാരമാകും എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.