കുട്ടികൾക്കുണ്ടാകുന്ന  പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ?

തയ്യാറാക്കിയത് :  ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ

Advertisements

പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ്. ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും ആത്മവിശ്വാസമില്ലായ്മയും അതുപോലെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.  നേരത്തെ തിരിച്ചറിഞ്ഞാൽ കുട്ടികളുടെ ജീവിതത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഠന വൈകല്യങ്ങൾ നേരത്തേ തിരിച്ചറിയുന്നതിൽ അധ്യാപകരുടെ പങ്ക് ചെറുതല്ല.  കാരണം ഒരു വിദ്യാർത്ഥിയുടെ ക്ലാസ്സിലെ പെരുമാറ്റവും പഠിക്കുന്നതിലെ രീതികളും, മാറ്റങ്ങളും ക്ലാസ് റൂമിൽ നിരീക്ഷിക്കാൻ അധ്യാപകർക്കാകും. സാധാരണ പഠിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അപ്പുറമുള്ള സ്ഥിരമായ ബുദ്ധിമുട്ടുകൾ കണ്ടെത്താൻ അവർക്ക് സാധിക്കും. ഈ പ്രശ്നങ്ങൾ ഒരു അധ്യാപകൻ തിരിച്ചറിയുമ്പോൾ, അവർക്ക് രക്ഷിതാക്കളുമായും സ്കൂളിലെ മറ്റ് സഹപ്രവർത്തകരുമായും സംസാരിച്ച് കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ കൃത്യമായി നടപ്പിലാക്കാനും കഴിയും.

*ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ*

*1. എഴുതാനുള്ള ബുദ്ധിമുട്ടുകൾ*
• അക്ഷരങ്ങൾ തിരിച്ചെഴുതുന്നത് (ഉദാഹരണത്തിന്, ‘b’-ക്ക് പകരം ‘d’ എന്ന് എഴുതുന്നത്)
• കണ്ണാടിയിലെഴുതുന്നത് പോലെ അക്ഷരങ്ങൾ തലതിരിച്ചെഴുതുന്നത് (ഉദാഹരണത്തിന്, ‘saw’ എന്നതിന് പകരം ‘was’ എന്ന് എഴുതുന്നത്)
• ചില അക്ഷരങ്ങൾക്ക് പകരം മറ്റ് അക്ഷരങ്ങൾ ഉപയോഗിക്കുന്നത് (ഉദാഹരണത്തിന്, ‘pat’ എന്നതിന് പകരം ‘pet’ എന്ന് എഴുതുന്നത്)

ഈ പ്രശ്നങ്ങൾ 7 വയസ്സിൽ താഴെയുള്ള കുട്ടികളിൽ സാധാരണമാണ്, എന്നാൽ ഇത് തുടർച്ചയായി കണ്ടുവരികയാണെങ്കിൽ സൈക്കോളജിസ്‌റ്റിനെയോ, സ്പെഷ്യൽ എജ്യുക്കേറ്റേഴ്സിനെയോ അല്ലെങ്കിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളെയോ സമീപിക്കേണ്ടതാണ്.

*2. പഠനപരമായ ബുദ്ധിമുട്ടുകൾ*
• വായിക്കാനുള്ള ബുദ്ധിമുട്ട് (വാക്കുകൾ മനസ്സിലാക്കാനും ഉച്ചരിക്കാനുമുള്ള പ്രയാസം, വേഗത്തിൽ വായിക്കാൻ കഴിയാതെ വരുന്നത്)
• എഴുതാനുള്ള ബുദ്ധിമുട്ടുകൾ (ആശയങ്ങൾ ക്രമീകരിച്ചു അക്ഷരങ്ങൾ കൂട്ടിച്ചേർത്ത്‌  എഴുതാൻ കഴിയാതെ വരുന്നത്, ബോർഡിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വരികൾ വിട്ടുപോവുക)
• വൃത്തിയില്ലാത്ത കൈയക്ഷരം (അക്ഷരങ്ങളുടെ വലിപ്പത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അക്ഷരങ്ങൾക്കും വാക്കുകൾക്കും ഇടയിലുള്ള അകലം ക്രമം ഇല്ലാതിരിക്കുക)
• കണക്കിലുള്ള ബുദ്ധിമുട്ടുകൾ (അക്കങ്ങൾ മനസ്സിലാക്കാനും അടിസ്ഥാന ഗണിത ആശയങ്ങൾ മനസ്സിലാക്കാനും കഴിയാതെ വരിക)

*3. ഓർമ്മശക്തിയും ശ്രദ്ധയും സംബന്ധിച്ച പ്രശ്നങ്ങൾ*
• ശ്രദ്ധക്കുറവ്, എളുപ്പത്തിൽ ശ്രദ്ധ മാറുന്നത്.
• ലളിതമായ, നിർദ്ദേശങ്ങൾ പോലും മനസ്സിലാക്കാൻ ബുദ്ധിമുട്ട്.
• പല ഘട്ടങ്ങളുള്ള നിർദ്ദേശങ്ങൾ പിന്തുടരാൻ പ്രയാസം.
• ചലനങ്ങളിൽ വേഗതയില്ലായ്മ, പലപ്പോഴും സാധനങ്ങളിൽ തട്ടി വീഴുന്നത്.

സമഗ്രമായ പഠനാന്തരീക്ഷം ഒരുക്കാം

1. ലളിതമായ ഭാഷ ഉപയോഗിച്ച് വ്യക്തവും നേരിട്ടുള്ളതുമായ ആശയവിനിമയം നടത്തുക.
2. വലിയ ജോലികൾ ചെറിയതും എളുപ്പത്തിൽ ചെയ്യാനാകുന്നതുമായ ഭാഗങ്ങളായി തിരിക്കുക.
3. അധ്യാപകർക്ക് inclusive education രീതികളെക്കുറിച്ച് പരിശീലനം നൽകുക, ഒപ്പം കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ദൃശ്യപരമായ സൂചനകൾ (ലേബലുകൾ, കളർ കോഡിങ്) ഉപയോഗിക്കുക.
4. സ്ഥിരമായ ദിനചര്യകൾ ഉണ്ടാക്കുകയും മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക.
5. പ്രവർത്തനങ്ങൾ മാറുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സൂചന നൽകാൻ ടൈമറുകൾ ഉപയോഗിക്കുക.

പഠനവൈകല്യങ്ങൾ തിരിച്ചറിയാതെ പോകുമ്പോൾ കുട്ടികൾക്ക് നിരാശയും തെറ്റിദ്ധാരണകളും ഉണ്ടാകാൻ സാധ്യതയുണ്ട്, ഇത് അവരുടെ വെല്ലുവിളികളെ കൂടുതൽ കഠിനമാക്കുന്നു. പഠനവൈകല്യങ്ങൾ നേരത്തേ തിരിച്ചറിയുകയും ശരിയായ പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ നമുക്ക് കുട്ടികളെ മികച്ച രീതിയിൽ വളരാൻ സഹായിക്കാനും ഓരോ കുട്ടിക്കും അവരവരുടെ രീതിയിൽ വിജയിക്കാനുള്ള അവസരം ഉറപ്പാക്കാനും കഴിയും.

Hot Topics

Related Articles