അമ്പലപ്പുഴ: അനുമതിയില്ലാതെ പാടശേഖരത്തിൽ പ്രവർത്തിച്ച വിദേശ നിർമ്മിത ഡ്രോൺ നാട്ടുകാർ പിടികൂടി. എന്നാൽ പോലീസെത്തിയിട്ടും കേസെടുക്കാതെ വിട്ടയച്ചത് വിവാദമായി.തകഴി കുന്നുമ്മയിലെ പാടത്ത് വിത്ത് വിതയ്ക്കാനായി പ്രവർത്തിപ്പിച്ച ചൈനീസ് നിർമ്മിത ഡിജെഐ (DJI) ഡ്രോണാണ് പിടികൂടിയത്. രജിസ്ട്രേഷനും ലൈസൻസും ഇല്ലാത്ത ഇത്തരം ഡ്രോണുകൾ 2022-ൽ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.ഒരു മാസം മുമ്പ് വളം തളിക്കാൻ ഈ ഡ്രോൺ ഉപയോഗിച്ചതിനെതിരെ ചിലർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും പാടത്ത് ഡ്രോൺ പ്രവർത്തിപ്പിക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിവരം പോലീസിൽ എത്തി. എന്നാൽ പോലീസെത്തിയിട്ടും കേസെടുക്കാതെ വിഷയത്തിൽ നിന്ന് മാറിനിന്നു.മങ്കൊമ്പ് സ്വദേശിയുടേതായ ഈ ഡ്രോണിന് യു.ഐ (UIN) നമ്പർ ഇല്ല. 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ പാടശേഖരത്തിന്റെയും പരിസര പ്രദേശത്തിന്റെയും മാപ്പുകൾ ചൈനീസ് സർവറിലേക്ക് അപ്ലോഡ് ചെയ്യുന്നുവെന്നതാണ് സുരക്ഷാ ഭീഷണിയായി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് ഇതിന് നിരോധനം ഏർപ്പെടുത്തിയത്. വൈഫൈയുടെ സഹായത്തോടെയാണ് ഡ്രോൺ പ്രവർത്തിപ്പിക്കപ്പെടുന്നത്.നിരോധിത ഡ്രോണായിട്ടും കേസെടുക്കാതെ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്ന ആരോപണം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്.