നാഗ്പൂർ :രാജ്യത്ത് E20 പെട്രോള്‍ (20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍) വില്‍ക്കാനുള്ള സർക്കാർ പദ്ധതിയെതിരെ വിമർശനങ്ങൾ ഉയർന്നതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. കർഷകരുടെ താത്പര്യത്തിനായി തന്നെയാണ് താൻ പ്രവര്‍ത്തിക്കുന്നതെന്നും, പണം സമ്പാദിക്കലല്ല ലക്ഷ്യമെന്നും ഗഡ്കരി വ്യക്തമാക്കി.അഗ്രിക്കോസ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച നാഗ്പൂർ പരിപാടിയിലായിരുന്നു മന്ത്രി സംസാരിച്ചത്.”ഞാനിത് പണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് സത്യസന്ധമായി എങ്ങനെ പണം സമ്പാദിക്കാമെന്ന് അറിയാം. ഞാൻ ഒരു കള്ളക്കച്ചവടക്കാരനല്ല. എന്റെ തലച്ചോറിന് മാസം 200 കോടിയുടെ മൂല്യമുണ്ട്. എനിക്ക് പണത്തിന് ഒരു കുറവുമില്ല, ഞാൻ തരംതാഴുകയുമില്ല,” ഗഡ്കരി വ്യക്തമാക്കി.
രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങള്‍ക്കായി ആളുകളെ തമ്മിലടിപ്പിക്കാറുണ്ടെന്നും, പിന്നോക്കാവസ്ഥ തന്നെ രാഷ്ട്രീയ താല്‍പ്പര്യമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. വിദർഭയിലെ 10,000 കർഷക ആത്മഹത്യകള്‍ രാജ്യത്തിന്‍റെ നാണക്കേടാണെന്നും, കർഷകർ സമൃദ്ധരാകുന്നത് വരെ താൻ പോരാടുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.കാർഷിക രംഗത്തെ ബിസിനസ് സാധ്യതകളെക്കുറിച്ചും മന്ത്രി സംസാരിച്ചു. തന്റെ മകൻ നടത്തുന്ന കയറ്റുമതി-ഇറക്കുമതി ബിസിനസ്സ് ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“അടുത്തിടെ ഇറാനില്‍ നിന്ന് 800 കണ്ടെയ്നർ ആപ്പിള്‍ ഇറക്കുമതി ചെയ്ത്, ഇന്ത്യയിൽ നിന്ന് 1,000 കണ്ടെയ്നർ വാഴപ്പഴം കയറ്റി. ഗോവയിൽ നിന്ന് 300 കണ്ടെയ്നർ മത്സ്യം സെർബിയയിലേക്കും അയച്ചു. ഓസ്ട്രേലിയയില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി സ്ഥാപിച്ച് അബുദാബിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും 150 കണ്ടെയ്നര്‍ വിതരണം ചെയ്തു.”ഐടിസിയുമായി സഹകരിച്ച് 26 അരി മില്ലുകളും നടത്തുന്നുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി. “എനിക്ക് അഞ്ച് ലക്ഷം ടണ്‍ അരിപ്പൊടി ആവശ്യമാണ്. അതിനാലാണ് മകൻ മില്ലുകള്‍ നടത്തുന്നത്. അവിടെ നിന്നാണ് ഞാൻ പൊടി വാങ്ങുന്നത്. കാർഷിക മേഖലയിലെ ബിസിനസ് അവസരങ്ങള്‍ക്ക് ഇത് ഒരു ഉദാഹരണമാണ്,” അദ്ദേഹം വിശദീകരിച്ചു.