ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം ‘പൾമോകോൺ 2025’കുമരകത്ത്‌ സമാപിച്ചു

കോട്ടയം: ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ( എ പി സി സി എം ) ത്രിദിന ദേശീയ സമ്മേളനം ‘പൾമോകോൺ 2025’ സമാപിച്ചു.

Advertisements

കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ വെച്ച് നടന്ന സമ്മേളനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ ഉത്ഘാടനം ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര സമ്മേളനങ്ങളിലൊന്നായ പൾമോകോൺ ശ്വാസകോശ ചികിൽസാ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്തു . അണുബാധകൾ തടയാനുള്ള വാക്സിനുകൾ സൗജന്യമായി നൽകാൻ നടപടികളുണ്ടാവണമെന്ന് സമ്മേളനം ആവശ്യപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതി കഠിന ആസ്തമ രോഗികൾക്കു ജൈവ കണികകൾ ഉപയോഗിച്ചുള്ള ചികിൽസയെക്കുറിച്ച് സമ്മേളനം വിശദമായി ചർച്ച ചെയ്തു. വിലയേറിയ മരുന്നുകൾ ഇൻഷൂറൻസ് പദ്ധതികളിലുൾപ്പെടുത്തി സാധാരണ രോഗികൾക്കു കൂടി പ്രാപ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾക്കായി പ്രശ്‍നോത്തരി, വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണം, പോസ്റ്റർ പ്രദർശന മത്സരം, അപൂർവ കേസ് റിപ്പോർട്ട് അവതരണങ്ങൾ എന്നിവ സമ്മേളനത്തിൻ്റെ പ്രത്യേകതയായിരുന്നു.

ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്- സി.ഒ.പി.ഡി) , ശ്വാസകോശ അർബുദം, ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പുറമേ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ , ശ്വാസകോശ രോഗ നിർണയത്തിലും ചികിത്സയിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തൽ, ഉയർന്നുവരുന്ന ശ്വാസകോശ അണുബാധകൾ, ലിവിങ് വിൽ തുടങ്ങിയ പുതിയ മേഖലകളെക്കുറിച്ചുള്ള പ്രബന്ധാവതരണങ്ങൾ നടന്ന ‘പൾമോകോൺ 2025’ ശ്വാസകോശ ചികിൽസാ ഗവേഷണ രംഗത്ത് പുതിയ ദിശാബോധം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.പി. സുകുമാരൻ, ഡോ.കുര്യൻ ഉമ്മൻ , ഡോ.പി.എസ് . ഷാജഹാൻ എന്നിവർ പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങളും വിദഗ്ധർ ശുപാർശ ചെയ്യുന്ന പരിഹാര നടപടികളും ആരോഗ്യ വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും സമർപ്പിക്കുമെന്ന് അവർ അറിയിച്ചു.

അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ പുതിയ ഭാരവാഹികളായി മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ശ്വാസകോശ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ . ബി.ജയപ്രകാശ് , പ്രസിഡണ്ട് ( കുലശേഖരം, തമിഴ്നാട്) , ഡോ. ജൂഡോ വാച്ചാപറമ്പിൽ, സെക്രട്ടറി (തൃശൂർ ) , ഡോ. വിപിൻ വർക്കി, ട്രഷറർ (പാലക്കാട് ) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. കെ.പി. വേണുഗോപാൽ (കോട്ടയം), ഡോ. ദീപു എം (കോട്ടയം), ഡോ. സി.എൻ. നഹാസ് (കൊല്ലം), ഡോ. റെജ്ന ദിൽനാഥ് ( കണ്ണൂർ ) എന്നിവരാണു പുതിയ ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ.

Hot Topics

Related Articles