പാലക്കാട് :പതിനഞ്ചുകാരിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുന്നല പടയണിപ്പാറ ഷൺമുഖവിലാസം പിറവന്തൂർ സ്വദേശി ബി. ബിപിനെയാണ് (21) ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിയെ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രതി നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടിരുന്നു. പിന്നീട് അത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലൂടെ ചൂഷണം നടത്തിയെന്നാണ് പരാതി. സ്നാപ്ചാറ്റ് വഴിയാണ് പ്രതി പെൺകുട്ടിയുമായി ബന്ധപ്പെടുന്നത്. തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മൊബൈൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതിനാൽ അന്വേഷണത്തിന് സങ്കീർണ്ണതകൾ ഉണ്ടായി.
എന്നാൽ സൈബർ പോലീസിന്റെ സഹായത്തോടെയും സമാനരീതിയിലുള്ള കേസുകളുടെ വിശദാംശങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ കുടുക്കിയത്.എറണാകുളം ജില്ലയിൽ നിന്നാണ് ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടിയത്. പ്രതി സമാനരീതിയിൽ നിരവധി പെൺകുട്ടികളെ ചതിയിലാഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോഴിക്കോട് തേഞ്ഞിപ്പാലത്ത് നടന്ന സമാനകേസിലും ഇയാൾക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.ശരീരത്തിൽ ടാറ്റൂ വരയ്ക്കുന്ന തൊഴിലാണ് പ്രതിയുടെ പ്രധാന വരുമാന മാർഗം. കൂടാതെ, കോസ്മെറ്റിക് സയൻസ് വിഷയത്തിൽ ബിരുദ വിദ്യാർത്ഥിയുമാണ്.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എ.എസ്.പി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സൗത്ത് ഇൻസ്പെക്ടർ വിപിൻകുമാർ, എസ്.ഐമാരായ വി. ഹേമലത, എം. സുനിൽ, എ.എസ്.ഐമാരായ ബിജു, നവോജ്, മറ്റു പോലീസ് ഉദ്യോഗസ്ഥരായ ആർ. രാജീദ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.