കോട്ടയം: കുറിച്ചിയിലെ ഐസ് ഫാക്ടറിയിലെ ശുചിമുറിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ധർമ്മേന്ദ്രയെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപണം ഉയർന്നതോടെ പൊലീസ് ഇയാൾക്കൊപ്പം താമസിച്ചിരുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കുറിച്ചി റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ഐസ് കമ്പനിയുടെ ഗോഡൗണിലെ ശുചിമുറിയിലാണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇതിനിടെയാണ് ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കു മടങ്ങിയതായി പൊലീസിനു വിവരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങവനം പൊലീസ് സംഘം റെയിൽവേ പൊലീസിന്റെയും കടുത്തുരുത്തി പൊലീസിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ കേരള എക്‌സ്പ്രസിൽ നാട്ടിലേയ്ക്കു കടക്കുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ ബന്ധുവിന്റെ കുട്ടിയുടെ ബർത്തഡേ പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വാക്കേറ്റം അടക്കം ഉണ്ടായതായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് നാലു പേരെ പൊലീസ് സംഘം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. നാളെ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാവൂ എന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാർ പറഞ്ഞു.