പാലക്കാട് :ഒറ്റപ്പാലം സൗത്ത് പനമണ്ണയില്‍ പടക്കവിപണിയുടെ മറവില്‍ ലഹരി ഉപയോഗവും വില്പനയും നടത്തിയ ആറു യുവാക്കള്‍ പൊലീസ് പിടിയില്‍. കണ്ണിയംപുറം റോഡിലുള്ള വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 പെട്ടി പടക്കശേഖരവും 600 ഗ്രാം കഞ്ചാവും, 50 ഗ്രാം എംഡിഎംഎയും, ലൈംഗിക ഉത്തേജക മരുന്നുകളും, രണ്ടുപെട്ടി കോണ്ടങ്ങളും പിടിച്ചെടുത്തു.കുളപ്പുള്ളി കൈപ്പുള്ളി വീട്ടില്‍ കെ.വിഗ്നേഷ്, കുന്നത്ത് വീട്ടില്‍ കെ. എ. സനല്‍, ഷോർണൂർ ഗണേശഗിരി ഷാ മൻസിൽ കെ.ബി. ഷബീർ, ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശികളായ കുന്നത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ, കൊല്ലത്ത് വീട്ടില്‍ ഷാഫി, ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയിലത്തെ വീട്ടില്‍ ഷാനിഫ് എന്നിവരാണ് അറസ്റ്റിലായവർ.കേസില്‍ പിടിയിലായ ഷാനിഫിനെതിരെ എറണാകുളത്ത് നേരത്തെ തന്നെ ലഹരി ഉപയോഗക്കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.വീടിന്റെ മുകളിലെ നിലയില്‍ സൂക്ഷിച്ചിരുന്ന ഇരുപതോളം പെട്ടികളിൽ പടക്കശേഖരവും കണ്ടെത്തി. അനുമതിയില്ലാതെ വില്‍പ്പനയ്ക്കായി കരുതിയതാണെന്ന് പൊലീസ് വ്യക്തമാക്കി.ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെയും ഒറ്റപ്പാലം പൊലീസിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ഷൊർണൂർ സർക്കിള്‍ ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
ഒറ്റപ്പാലത്ത് വാടകവീട്ടില്‍ പൊലീസ് പരിശോധന; പടക്കശേഖരത്തിനൊപ്പം ലഹരിവസ്തുക്കളും പിടിച്ചെടുത്തു
