അമരാവതി:ഭർത്താവ് ഭാര്യയെ അതിക്രൂരമായി മർദിച്ചതിനെതിരെ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ആന്ധ്രപ്രദേശിൽ പ്രകാശം ജില്ലയിൽ ഗുരുനാഥം ബാലാജി എന്നയാളാണ് ഭാര്യയുടെ കൈകള്‍ തൂണില്‍ കെട്ടിയിട്ട് ബെല്‍റ്റ് കൊണ്ടും ചവിട്ടിക്കൊണ്ടും മർദിച്ചത്.വേദനയിൽ ഭാര്യ നിലവിളിച്ചിട്ടും ഇയാൾ അടിക്കുന്നത് നിര്‍ത്തിയില്ല. അയൽക്കാരും ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഗുരുനാഥം പിന്മാറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭാര്യയെ മർദിക്കുന്നതിൽ ഇയാൾ സാഡിസ്റ്റിക് ഉന്മാദം കണ്ടെത്തിയിരുന്നതായി അയൽക്കാർ ആരോപിച്ചു. സംഭവസമയത്ത് ഗുരുനാഥം മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.മൂന്ന് പെൺമക്കളും ഒരു മകനുമുള്ള യുവതി കുടുംബം പോറ്റാൻ ബേക്കറിയിൽ ജോലി ചെയ്യുന്നുണ്ട്. ഹൈദരാബാദിൽ മറ്റൊരു സ്ത്രീയോടൊപ്പമാണ് ഗുരുനാഥം താമസിക്കുന്നത്. വീട്ടിലേക്ക് വരുമ്പോഴെല്ലാം ഭാര്യയെ ഉപദ്രവിക്കുകയും ജോലി ചെയ്ത് സമ്പാദിക്കുന്ന പണം ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ച്, വീട്ടിലെത്തുമ്പോഴെല്ലാം ഭാര്യയെ മർദനം; അയൽക്കാർ തടഞ്ഞിട്ടും പിന്മാറാതെ ഭർത്താവ്
