കൊല്ലം:കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. സ്ത്രീധനത്തിന്റെ പേരിലാണ് ആക്രമണമെന്നതാണ് ആരോപണം. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.സൈനികനായ ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പൊലീസ് കേസെടുത്തു. ഗർഭം അലസിപ്പിക്കാൻ വയറ്റത്ത് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.ആറു മാസം മുൻപ് വിവാഹിതരായ യുവതി ഇപ്പോൾ ഒരു മാസം ഗർഭിണിയാണ്.
വിവാഹ വേളയിൽ 28 പവൻ സ്വർണ്ണവും 11 ലക്ഷം രൂപയും സൈനികന്റെ കുടുംബം കൈപ്പറ്റിയിട്ടുണ്ടെന്നും, പിന്നീട് കൂടി സ്ത്രീധന പീഡനത്തിന് ഇരയായതാണെന്നും യുവതി ആരോപിച്ചു.“വിവാഹത്തിന് മൂന്നാം ദിവസം മുതൽ തന്നെ പീഡനം തുടങ്ങി. ഭർത്താവിന്റെ അച്ഛനും അമ്മയും സ്ഥിരമായി പീഡിപ്പിക്കുമായിരുന്നു. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. വിവാഹത്തിന് തന്നെ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. എനിക്ക് വണ്ണം കൂടുതലാണെന്ന് പറഞ്ഞു ബോഡി ഷെയിമിങ്ങ് ചെയ്യുമായിരുന്നു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ആരോടും പറയരുത് എന്നാണ് ഭർത്താവ് പറഞ്ഞത്. ഭർത്താവിന്റെ അമ്മ ‘മകന്റെ ഗർഭമല്ല’ എന്ന് ആരോപിക്കുകയും ‘ചവിട്ടി കലക്കെടാ’ എന്ന് പറഞ്ഞ് മകനെ പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭർത്താവ് എന്റെ വയറ്റത്ത് ചവിട്ടി. 28 പവൻ തന്നിട്ടും അത് പോരെന്നായിരുന്നു പറയുന്നത്,” യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.