വയനാട്: വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വനംവകുപ്പിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണം. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് പ്രതിയോട് ജീവനക്കാരി ചോദിക്കുന്നുണ്ട്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ചയാണ് പരാതി ഉയര്‍ന്നത്. ഫോറസ്റ്റ് ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം തുടരുകയാണ്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് രതീഷ് കുമാറിനെ സുഗന്ധഗിരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വനം വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്.