മലപ്പുറം:സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട 14കാരിയെ വഞ്ചിച്ച് അഞ്ചരപവന്‍ സ്വര്‍ണമാല തട്ടിയെടുത്ത 21കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലിനെയാണ് പൊലീസ് പിടികൂടിയത്.ജൂലൈ 4-ന് സ്നാപ്ചാറ്റ് വഴിയാണ് അജ്മൽ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്കി അടുത്ത ബന്ധം സ്ഥാപിച്ച പ്രതി, പെണ്‍കുട്ടിയുടെ നഗ്നചിത്രവും കൈക്കലാക്കി. തുടര്‍ന്ന് പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും പുതിയ മോഡലിലുള്ള മാല നല്‍കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയോട് വീട്ടിലെ സ്വര്‍ണമാലയുടെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു.മാല ചെറുതാണെന്ന് പറഞ്ഞ പ്രതി വലിയ മോഡലാണെങ്കില്‍ അതിലും വലിയ മാല നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ പെണ്‍കുട്ടി അമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തു. മോഡല്‍ മനസ്സിലാക്കാന്‍ നേരിൽ കാണണമെന്ന് പറഞ്ഞ പ്രതിക്ക്, പെണ്‍കുട്ടി സ്വന്തം ലൊക്കേഷന്‍ അയച്ചു.
വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല കൈമാറി. ഉടൻ തന്നെ അജ്മല്‍ മാലയുമായി മുങ്ങി, സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി.സംഭവം രക്ഷിതാക്കള്‍ക്ക് പറഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ കല്പകഞ്ചേരി സ്വദേശിനിയോട് അജ്മല്‍ തട്ടിപ്പ് നടത്തിയിരുന്നു. അന്ന് ഇന്‍സ്റ്റാഗ്രാം വഴിയായിരുന്നു ബന്ധപ്പെടല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇറങ്ങിയ ഉടന്‍ തന്നെയാണ് പുതിയ തട്ടിപ്പും. കല്പകഞ്ചേരി, തിരൂര്‍ പോലീസ്സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥന്, തിരൂര്‍ ഡിവൈ.എസ്.പി എ.ജെ. ജോണ്സണ് എന്നിവരുടെ നിര്‍ദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീര്‍ സി. ചിറക്കല്‍ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്.സി.പി.ഒമാരായ ഷൈലേഷ്, പി. സജുകുമാര്‍, ഡാന്‍സാഫ് സംഘം എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.