ഭുവനേശ്വർ: എസി കംപാർട്ട്മെന്റിൽ യാത്രയ്ക്കിടെ ട്രെയിനിലെ ബെഡ്‌റോൾ മോഷ്ടിച്ച കുടുംബത്തെ പിടികൂടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പുരുഷോത്തം എക്സ്പ്രസിലെ ഒന്നാം ക്ലാസ് എസിയിൽ യാത്ര ചെയ്യുന്നതിനിടെ, സ്ത്രീയുടെ ലഗേജിൽ ഒളിപ്പിച്ചിരുന്ന ബെഡ് ഷീറ്റുകൾ പിടികൂടുന്നതാണ് വീഡിയോയിൽ കാണുന്നത്.പുരുഷോത്തം എക്സ്പ്രസിൽ നടന്ന സംഭവത്തിന്റെ വീഡിയോ, ബാപി സാഹു എന്ന ഉപയോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിവാദമായത്. വീഡിയോയിൽ, ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന കുടുംബത്തെ രണ്ട് ടിടിഇമാരും റെയിൽവേ ജീവനക്കാരും ചേർന്ന് ചോദ്യം ചെയ്യുന്ന ദൃശ്യം വ്യക്തമാണ്.സ്ത്രീ മടിച്ചും വിറച്ചു കൊണ്ടും ബാഗിൽ നിന്ന് ബെഡ് ഷീറ്റുകൾ പുറത്തെടുക്കുന്നതും, കൂടെയുണ്ടായിരുന്ന പുരുഷന്മാർ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ നില്ക്കുന്നതും വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“ഒന്നാം എസിയിൽ യാത്ര ചെയ്യുന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ, യാത്രയ്ക്കിടെ നൽകിയ ബെഡ് ഷീറ്റുകൾ വരെ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവരുണ്ട്” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരുടെ മേൽ നടപടിയെടുത്തോ എന്നതിനെക്കുറിച്ച് റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.റെയിൽവേ നിയമപ്രകാരം, എസി ക്ലാസുകളിൽ നൽകുന്ന ബെഡ്‌റോൾ (ബെഡ് ഷീറ്റ്, തലയിണ, ടവൽ തുടങ്ങി) യാത്രയുടെ അവസാനം തിരികെ നൽകേണ്ടതാണ്. ഇത് മോഷ്ടിക്കുന്നത് കുറ്റകരമാണ്. പിടിക്കപ്പെട്ടാൽ 1000 രൂപ വരെ പിഴയോ, ഒരു വർഷം തടവോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം വരെ തടവിനും പിഴയ്ക്കും വിധേയരാകേണ്ടി വരും. 1966ലെ റെയിൽവേ പ്രോപ്പർട്ടി ആക്ട് പ്രകാരമാണ് നടപടി.