തൃക്കരിപ്പൂർ: ജീവൻ രക്ഷിക്കാനായുള്ള അത്യാഗ്രഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും തെളിവായിരുന്നു മാധ്യമപ്രവർത്തകൻ എ.ജി. ഷാക്കിറിന്റെ ഓട്ടം. എന്നാൽ രക്ഷിക്കാനായില്ല. വെള്ളത്തിൽ വീണു മുങ്ങിയ 13 കാരനായ ഇ.എം.ബി. മുഹമ്മദ് ആശുപത്രിയിലെത്തും മുമ്പ് മരണത്തിന് കീഴടങ്ങി.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വലിയപറമ്പ് ബീരാൻകടവ് ബോട്ടുജെട്ടിക്ക് സമീപം ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ മുഹമ്മദിനെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെള്ളാപ്പിൽ വന്ദേഭാരത്തിനായി റെയിൽവേ ഗേറ്റ് അടഞ്ഞത്.
അടിയന്തര സാഹചര്യം മനസ്സിലാക്കി ഗേറ്റ്മാനോട് അഭ്യർഥിച്ചിട്ടും ഗേറ്റ് തുറക്കാനായില്ല.ഇത് കണ്ട തൃക്കരിപ്പൂരിലെ പ്രാദേശിക ചാനലായ ടിസിഎൻഎൻ-ന്റെ ക്യാമറാമാൻ എ.ജി. ഷാക്കിർ കുട്ടിയെ മാറോടണച്ച് പാളം മുറിച്ചുകടന്ന് ഓടി. പിന്നാലെ അഗ്നിരക്ഷാസേനാ ജീവനക്കാരും നാട്ടുകാരും. മറുവശത്ത് നാട്ടുകാർ കുട്ടിയെ ഏറ്റുവാങ്ങി തയ്യാറാക്കി വെച്ചിരുന്ന ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകിയിരുന്നു. അഞ്ചുമിനിറ്റോളം റെയിൽവേ ഗേറ്റിൽ കുടുങ്ങിപ്പോയ സമയം ജീവൻ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു.വാർത്ത ശേഖരിക്കാൻ സ്ഥലത്തേക്കെത്തിയ ഷാക്കിർ തന്നെയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വന്തം ജീവൻ അവഗണിച്ച് ഓടിയെങ്കിലും ‘വെറുതെയായി’ എന്ന വേദനയാണ് നാട്ടുകാരും ഷാക്കിറും പങ്കുവെച്ചത്.മുഹമ്മദ് ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പിതാവ്: ഇ.എം.ബി. നിസാർ (പെയിന്റിംഗ് തൊഴിലാളി). മാതാവ്: കെ.പി. സമീറ. സഹോദരി: ജുമാന.ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.