മാവേലിക്കര: താമരക്കുളം കണ്ണനാകുഴിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ.താമരക്കുളം കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ തുളസിയെ (48) കൊലപ്പെടുത്തിയ കേസില്‍ കറ്റാനം വെട്ടിക്കോട് മോളയ്യത്തു പുത്തൻ വീട്ടില്‍ ജെറിൻ രാജു (27) വിനെയാണ് മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതി-ഒന്ന് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. കൊലപാതകത്തിന് (ഐപിസി 302) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കൂടാതെ ഐപിസി 392 പ്രകാരം 10 വർഷം കഠിനതടവ്, 10,000 രൂപ പിഴ, ഐപിസി 201 പ്രകാരം ഏഴ് വർഷം കഠിനതടവ്, 5,000 രൂപ പിഴ, ഐപിസി 461 പ്രകാരം രണ്ട് വർഷം കഠിനതടവ്, 2,000 രൂപ പിഴ എന്നിങ്ങനെയാണ് മറ്റു ശിക്ഷകള്‍. കാലാവധി നിശ്ചയിച്ചിട്ടുള്ള ശിക്ഷകള്‍ ഒരേ സമയം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കൊല്ലപ്പെട്ട തുളസിയുടെ ഭർത്താവിനും മക്കള്‍ക്കും തുല്യമായി നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 സെപ്റ്റംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ക്കും ഭർത്താവിനൊപ്പം താമസിക്കുന്ന തുളസിയുടെ വീട്ടില്‍ പ്രതി മോഷ്ടിക്കാനാണ് എത്തിയത്. അലമാരയിലെ ലോക്കറിന് സമീപം സൂക്ഷിച്ചിരുന്ന 10800 രൂപ ഇയാള്‍ മോഷ്ടിച്ചു. ഇത് കണ്ടുകൊണ്ട് മുറിയിലേക്ക് വന്ന തുളസി പ്രതിയെ തടയാൻ ശ്രമിച്ചു. തുടർന്ന് പ്രതി തുളസിയെ ആക്രമിക്കുകയും അബോധാവസ്ഥയിലായ ഇവരുടെ കഴുത്തില്‍ സാരി ചുറ്റിമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
വള്ളികുന്നം എസ്‌ഐ ആയിരുന്ന എം സി അഭിലാഷ് രജിസ്റ്റർ ചെയ്ത കേസില്‍ എസ്‌ഐ ഡോ. അനീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി.


