കൊല്ലം: കൊല്ലം പുനലൂരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത് അക്രമി. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലാണ് മാനസിക രോഗിയെന്നു സംശയിക്കുന്ന അക്രമി എറിഞ്ഞ് തകർത്തത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഷർട്ട് അരയിൽക്കെട്ടി പാന്റ് മാത്രം ധരിച്ച് കഴുത്തിൽ കൊന്തയും ധരിച്ചെത്തിയ യുവാവ് അക്രമം നടത്തിയത്. സ്റ്റാൻഡിനുള്ളിലൂടെ കയ്യിൽ കല്ലുമായി നടക്കുന്ന യുവാവിന്റെ വീഡിയോ ഇവിടെ ഉണ്ടായിരുന്ന യാത്രക്കാരാണ് പകർത്തിയത്.
മറ്റൊരു ബസിൽ വന്നിറങ്ങിയ ഭാരതിപുരം സ്വദേശി മണിക്കുട്ടനാണ് കയ്യിൽ കല്ലുമായി സ്റ്റാൻഡിനുള്ളിലൂടെ നടന്നത്. മുന്നിൽ പോയ യാത്രക്കാരെ അസഭ്യം പറയുകയും, കയ്യിലിരുന്ന കല്ല് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു ഇയാൾ. ഇതിനു ശേഷം ഇയാൾ നടന്നെത്തി ബസിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. കായംകുളത്തിനു പോകുന്നതിനായി സ്റ്റാൻഡ് പിടിച്ചിരുന്ന ഓർഡിനറി ബസിന്റെ മുൻ ചില്ലുകളാണ് ഇയാൾ എറിഞ്ഞ് തകർത്തത്. അടൂർ ഡിപ്പോയുടെ ബസായിരുന്നു ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ പിടികൂടി. ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ കെട്ടി ഇടുകയും, പൊലീസിനെ വിളിച്ച് കൈമാറുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.