കോട്ടയം തളിയിൽക്കോട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഗുണ്ടാ സംഘം ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്; ആക്രമിച്ച് തന്നെയെന്നു കുട്ടിയുടെ മാതാവ്; തന്റെ ഒപ്പമെത്തിയവർ ഗുണ്ടകളല്ല; സുഹൃത്തുക്കളും ബന്ധുക്കളുമെന്നും മാതാവിന്റെ വിശദീകരണം

കോട്ടയം: കോട്ടയം തളീക്കോട്ടയിൽ കുട്ടിയെ ഗുണ്ടാ സംഘവുമായി എത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. തന്റെ ഒപ്പം നിന്നിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ തന്നെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭർത്താവിന്റെ വീട്ടുകാരാണ് ആക്രമിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു. കോട്ടയം തളീക്കോട്ട വൈപ്പിൻമഠത്തിൽ ശിവപ്രസാദിന്റെ വീട്ടിലുണ്ടായ സംഭവങ്ങളിലാണ് വിശദീകരണവുമായി കുട്ടിയുടെ അമ്മ രംഗത്ത് എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ശിവപ്രസാദിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും ചൈൽഡ് – വനിതാ ഹെൽപ്പ് ലൈനിനും നേരത്തെ തന്നെ പരാതി നൽകിയിരുന്നു.

Advertisements

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെപ്പറ്റി കുട്ടിയുടെ മാതാവ് തിരുവാർപ്പ് കാഞ്ഞിരം കണിയംപത്തിൽ ശില്പ പറയുന്നത് ഇങ്ങനെ…
തന്റെ പതിനെട്ടാം വയസിലാണ് താൻ ശിവപ്രസാദിനെ വിവാഹം കഴിച്ചത്. തളിയിൽക്കോട്ടയിലെ വീട്ടിൽ എത്തിയപ്പോൾ മുതൽ തനിക്ക് നേരെ ശാരീരികമായ ആക്രമണം അടക്കം ശിവപ്രസാദിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നതായി ശിൽപ പരാതിയിൽ പറയുന്നു. ഇതേ തുടർന്നു മൂന്നു വർഷത്തോളമായി വേർ പിരിഞ്ഞ് താമസിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് എന്ന പേരിൽ തന്റെ കുട്ടിയെ വീട്ടിൽ എത്തിച്ചത്. തുടർന്ന്, തിരികെ കുട്ടിയെ വിട്ടു തരാനോ, ഫോൺ നൽകാനോ പോലും ശിവപ്രസാദിന്റെ മാതാപിതാക്കൾ പോലും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് താൻ പൊലീസ് കൺട്രോൾ റൂമിലും, ചൈൽഡ് ഹെൽപ്പ് ലൈനിലും, വനിതാ ഹെൽപ്പ് ലൈനിലും വിവരം അറിയിച്ച ശേഷം സംഭവ ദിവസം ശിവപ്രസാദിന്റെ വീട്ടിൽ എത്തിയതെന്നും യുവതി വ്യക്തമാക്കുന്നു. വീട്ടിലെത്തിയപ്പോൾ ശിവപ്രസാദ് വീട്ടിലുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് ഒറ്റയ്ക്ക് എത്തിയ സമയത്ത് വീട്ടിൽ നിന്നും ആക്രമണത്തിന് ഇരയായതിനാലാണ് സുഹൃത്തായ പെൺകുട്ടിയുടെ അച്ഛനെയും ബന്ധുവിനെയും സുഹൃത്തിനെയും കൂട്ടി വീട്ടിലെത്തിയത്. എന്നാൽ, താൻ ഒറ്റയ്ക്കാണ് വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിൽ പ്രവേശിച്ചത്. ഈ സമയം ശിവപ്രസാദിന്റെ അമ്മയും അയൽവാസികളും അടക്കമുള്ളവർ ചേർന്ന് കുട്ടിയെ മാറ്റുകയും, തന്നെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇത് കണ്ട് ഓടിയെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തത്. ഇവർ ആരും ഗുണ്ടകളല്ലെന്നും ഇവർ വിശദീകരിക്കുന്നു.

ശിവപ്രസാദ് നൽകിയ പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ നിന്നു വിളിച്ചിരുന്നു. എന്നാൽ, മുൻപ് താൻ കുട്ടിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ താൻ വരാൻ സന്നദ്ധയല്ലെന്നു പൊലീസ് അധികാരികളെ അറിയിച്ചെന്നും ശില്പ പറയുന്നു. ചൈൽഡ് ലൈനിൽ പരാതി നൽകിയെങ്കിലും ശിവപ്രസാദും കുടുംബവും ഇവിടെ എത്താൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് താൻ വീട്ടിലെത്തി കുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചതെന്നും, ചൈൽഡ് ലൈനെ അറിയിച്ച ശേഷമാണ് താൻ വീട്ടിലെത്തിയതെന്നും ശില്പ പറയുന്നു. സംഭവം വിവാദമാകുകയും തനിക്കെതിരെ ശിവപ്രസാദും കുടുംബവും പരാതി നൽകുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതിനാൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. തന്റെ കുട്ടിയെ വിട്ടു കിട്ടാൻ ജില്ലാ പൊലീസ് മേധാവി ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Hot Topics

Related Articles