മെഡിക്കൽ കോളജിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് അമ്പലക്കവലയിൽ ഓട്ടോ റിക്ഷയും ടോറസും കൂട്ടിയിടിച്ചു ചിങ്ങവനം സ്വദേശികളായ മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരായ വയോധികർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ ഗുരുരതമായി പരിക്കേറ്റ ചിങ്ങവനം സ്വദേശി കുഞ്ഞുകുഞ്ഞ് , അമ്മിണി , ഓട്ടോ ഡ്രൈവർ കുട്ടപ്പായി എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ആർപ്പൂക്കര മെഡിക്കൽ കോളജ് റോഡിൽ അമ്പലക്കവല ഭാഗത്തായിരുന്നു അപകടം. അമ്പലക്കവല ജംഗ്ഷനിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്ന് എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.