തിരുവല്ല: രണ്ടാഴ്ച മുൻപുണ്ടായ പ്രളയത്തിൽ തകർന്ന കോമളം പാലം അപ്രോച്ച് റോഡോടെ പുനർനിർമ്മിക്കാൻ പദ്ധതി. പൊതുമരാമത്ത് വകുപ്പാണ് ഇതു സംബന്ധിച്ചുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ അടിസ്ഥാനത്തിൽ പാലം സജീവമാക്കി അറ്റകുറ്റപണി നടത്തുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ മണിമലയാറിനു കുറുകെയുള്ള കോമളം പാലത്തിന് ഈ വെള്ളപ്പൊക്കത്തിൽ സംഭവിച്ച നാശനഷ്ടം സംബന്ധിച്ചാണ് മാത്യു ടി തോമസ് എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇപ്പോൾ നിയമസഭയിൽ മറുപടി നൽകിയിരിക്കുന്നത്. ഈ കാലവർഷക്കെടുതിയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ച നാശനഷ്ടത്തിന്റെ തോത് വകുപ്പ് പൂർണ്ണമായി വിലയിരുത്തി വരികയാണെന്നു മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോമളം പാലത്തിനും അപ്രോച്ച് റോഡിനുമുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചീഫ് എഞ്ചിനിയർ ബ്രിഡ്ജസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ പാലത്തിന്റെ താഴ്ഭാഗത്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള വെന്റ് വേയ്ക്ക് അഞ്ചു മീറ്റർ മാത്രമാണ് വീതി. അതു മൂലം മുളങ്കൂട്ടങ്ങളും കൂറ്റൻ തടികളും പാലത്തിൽ തട്ടി നിന്ന വെന്റ് വേ പൂർണ്ണമായും അടഞ്ഞു. അതോടെ വെള്ളം ഗതിമാറി അപ്രോച്ച് റോഡ് ഭാഗത്തു കൂടെ ഒഴുകി അപ്രോച്ച് റോഡ് തകരുന്ന സാഹചര്യവും ഉണ്ടായതായും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഇപ്പോഴുള്ള വിലയിരുത്തൽ അനുസരിച്ച് പാലത്തിന്റെ പിയറുകളിൽ പല ഇടത്തും തടികൾ വന്നിടിച്ച് കോൺക്രീറ്റ് ഇളകി പോയിട്ടുണ്ട്. വെല്ലുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിദഗ്ധ പരിശോധന ആവശ്യമായി വരും. കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്ക സമയങ്ങളിലും ഇതുപോലെ തടികളും മുളങ്കൂട്ടങ്ങളും എത്തി വെന്റ് വേ അടഞ്ഞു പോയിരുന്നു. വെന്റ് വേ കുറവായതിനാൽ വരും വർഷങ്ങളിൽ ഇത് ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നല്ല അപ്രോച്ച് റോഡോടു കൂടി പാലം പുനർനിർമ്മിക്കണമെന്ന നിർദ്ദേശമാണ് ബ്രിഡ്ജസ് വിഭാഗം മുന്നോട്ടു വച്ചിട്ടുള്ളത്. അതിനായി ഇൻവെസ്റ്റിഗേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് അംഗീകാരം നൽകി തുടർനടപടികളിലേക്ക് കടക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മന്ത്രി നിയമസഭയിൽ മറുപടിയിൽ വ്യക്തമാക്കി.