അടൂർ : കാർഷികമേഖലയിൽ കേരളത്തിന്റെ വിജയഗാഥ തുടരുകയാണ് എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് . കുടുംബങ്ങളെയും കുട്ടികളേയും ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനും കൃഷിയെ അഭിമാനമായിക്കാണുന്ന ജനതയെ വാർത്തെടുക്കാനും പദ്ധതിക്ക് സാധിക്കും എന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജി പി വർഗ്ഗീസ്, വൈസ് ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദ്, വിവിധ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷരായ ബീനബാബു, റോണി പാണം തുണ്ടിൽ, സിന്ധു തുളസീധരക്കുറുപ്പ്,എം അലാവുദിൻ, കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ റോഷൻ ജോർജ്, കൃഷി ഓഫീസർ ആലിയ ഫർസാന, വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരിമിതമായ സ്ഥലത്താണെങ്കിലും കൂടുതൽ കൃഷി എന്നതാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയിലൂടെ കൃഷി വകുപ്പ് ഉന്നംവയ്ക്കുന്നത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത, വിഷരഹിത ഭക്ഷണം എന്നീ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. ഒരു സെന്റിലോ, മട്ടുപ്പാവിലോ വീട്ടുവളപ്പിലോ എവിടെയായാലും കൃഷി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ ഇത് ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനശേഷം ഡോ ലേഘയുടെ നേതൃത്വത്തിൽ കാർഷിക പരിശീലനവും നടന്നു.